കൊല്ലം കൊട്ടിയത്ത് വീട്ടില്‍ കയറി പതിനാലുകാരനെ തട്ടിക്കൊണ്ടുപോയത് ദിവസങ്ങളുടെ നിരീക്ഷണത്തിനൊടുവിലെന്ന് പൊലീസ്. സംഘത്തില്‍ ഒമ്പതു പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമായിരുന്നു മലയാളം സംസാരിക്കുന്നത്. ബാക്കിയെല്ലാവരും തമിഴ്നാട് സ്വദേശികളാണെന്നാണ് സൂചന.
തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയ ആഷികിനെ പാറശാലയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടു പോകവെ കാറില്‍വെച്ച് നിര്‍ബന്ധിച്ച് ഗുളികകള്‍ നല്‍കിയതായി ആഷിക് പറഞ്ഞതായി അമ്മ പറഞ്ഞു. ഒരാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
കൊട്ടിയം കണ്നല്ലൂര് സ്വദേശി ആസാദിന്റെ മകന് ആഷിക്കിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. കാറുകളിലെത്തിയ തമിഴ്നാട് സ്വദേശികളടങ്ങുന്ന ആറംഗ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഘത്തില്‍ ആറല്ല, ഒന്‍പത് പേരുണ്ടായിരുന്നു എന്നും സൂചനയുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് വ്യക്തമായതോടെ എല്ലാ സ്റ്റേഷനുകളിലും വിവരമറിയിച്ചിരുന്നു.
തുടര്‍ന്ന് കുട്ടിയെ തമിഴ്നാട് ഭാഗത്തേക്ക് കടത്തുന്നതായി ചില സ്റ്റേഷനുകളില്‍ നിന്ന് അറിയിച്ചു. തുടര്‍ന്ന് തമിഴ്നാട് രജിസ്ട്രേഷനുള്ള കാര്‍ പിന്തുടര്‍ന്ന പാറശാല പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഒരാളെ പിടികൂടാനേ സാധിച്ചുള്ളൂ. ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെട്ടു.
സംഘം മൂന്ന് ദിവസം മുമ്പ് കൊട്ടിയത്ത് ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്നു. കാറിലായിരുന്നു കുട്ടിയുടെ വീടിന് സമീപത്ത് സംഘം കറങ്ങിയത്. തമിഴ്നാട് സ്വദേശിയുടെ വാടകയ്ക്കെടുത്ത കാറാണ് ഇതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ ബിജുവും മറ്റൊരാളും പരിസരം നിരീക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഘം വീട്ടിലെത്തിയത്. കുട്ടിയെ പിടിച്ചുകൊണ്ടു പോകുന്നത് തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും സംഘം അടിച്ചു വീഴ്ത്തുകയായിരുന്നു. പരാതി ലഭിച്ചതോടെ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും സന്ദേശം കൈമാറി. തമിഴ്നാട് സ്വദേശിയുടെ വാടകയ്ക്ക് എടുത്ത കാറുമായാണ് സംഘം എത്തിയതെന്ന് പൊലീസ് അറയിച്ചു.
മണിക്കൂറുകള്‍ക്കുള്ളില്‍ രാത്രി 11.30 ഓടെ സംഘത്തെ പാറശാലയില്‍ പൊലീസ് തടയുകയായിരുന്നു. ഈ സമയം കാറ് ഉപേക്ഷിച്ച് സംഘത്തിലെ രണ്ടുപേര്‍ കുട്ടിയുമായി ഓട്ടോയിലായിരുന്നു സഞ്ചരിച്ചിരുന്നത്. പൊലീസ് തടഞ്ഞതോടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. അബോധാവസ്ഥയിലായ കുട്ടി മദ്യപിച്ച് ബോധം പോയതാണെന്നായിരുന്നു ഓട്ടോ ഡ്രൈവറോട് പറഞ്ഞത്. തമിഴ്നാട്ടിലേക്ക് കടക്കുന്നതിന് വെറും 100 മീറ്റര്‍ മുമ്പാണ് സംഘത്തെ പിടികൂടിയത്. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചു. സംഘത്തില്‍ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കന്യാകുമാരി കാട്ടാത്തുറ സ്വദേശി ബിജു(30)വിനെയാണ് അറസ്റ്റ് ചെയ്തത്.


