തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഗവർണർ പി സദാശിവം റിപ്പോർട്ട് തേടി. കേരള സർവകലാശാലയുടെ ചാൻസലറായ ഗവർണർ വൈസ് ചാൻസലർ വി പി മഹാദേവൻ പിള്ളയോടാണ് റിപ്പോർട്ട് തേടിയത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന സ്ഥിതിവിവരറിപ്പോർട്ട് നൽകണമെന്നാണ് വൈസ് ചാൻസലറോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന സമിതി ഗവർണർക്ക് നിവേദനം നൽകിയിരുന്നു. കേരളാ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി രാഷട്രീയത്തെക്കുറിച്ചും സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും നിവേദനത്തിൽ കെഎസ്യു ആവശ്യപ്പെട്ടു.
എസ്എഫ്ഐ മാനസികമായി നിരന്തരം പീഡിപ്പിച്ചുവെന്ന് കുറിപ്പെഴുതി വച്ച് യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് വലിയ വിവാദമായിരുന്നു. രാവിലെ കോളേജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ് രക്തംവാർന്ന് ബോധരഹിതയായ നിലയില്‍ വിദ്യാർഥിനിയെ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചതിനാൽ അപകട നില തരണം ചെയ്തു. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ് പെൺകുട്ടി.


