തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് അക്രമത്തിൽ കേസുമായി മുന്നോട്ട് പോകുമെന്ന് കുത്തേറ്റ അഖിലിന്റെ അച്ഛനും അമ്മയും വ്യക്തമാക്കി. സിപിഎം നേതാക്കൾ അനുനയ നീക്കം നടത്തുന്നുണ്ടെന്ന് അഖിലിന്റെ അച്ഛൻ ചന്ദ്രൻ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീടത് തിരുത്തി.
എന്തക്രമം കാണിച്ചാലും എന്നും എപ്പോഴും യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റിന് സിപിഎമ്മിന്റെ അകമഴിഞ്ഞ പിന്തുണ കിട്ടിയിരുന്നു. കത്തിക്കുത്തിൽ സിപിഎം പ്രതിരോധത്തിലായതോടെ അനുനയ നീക്കങ്ങളും സജീവമാണ്. കുത്തേറ്റ അഖിലിന്റെ അച്ഛൻ ചന്ദ്രൻ സിപിഎം പ്രവർത്തകനാണ്. പാർട്ടി ജില്ലാ നേതാക്കൾ കേസുമായി മുന്നോട്ട് പോകുന്നുണ്ടോയെന്ന് ചോദിച്ചിരുന്നതായി രാവിലെ ചന്ദ്രൻ ക്യാമറക്ക് മുന്നിലല്ലാതെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പാർട്ടി ഇടപെടലിന്റെ വാർത്ത പുറത്ത് വന്നതോടെ ചന്ദ്രൻ പിന്നീടത് നിഷേധിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ സാഹചര്യത്തിൽ പവർ ലിഫ്റ്റിംഗ് ദേശീയ ചാമ്പ്യനായ അഖിലിന് ഇനി മത്സരരംഗത്തേക്കിറങ്ങാനാകുമോ എന്ന ആശങ്ക കുടുംബത്തിനുണ്ട്. കോളേജിലെ എസ്എഫ്ഐ നേതാക്കൾക്ക് അഖിലിനോട് നേരെത്ത വിരോധമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.


