പത്തനംതിട്ട: ശബരിമലയ്ക്ക് പോകാന്‍ എകെജി സെന്ററില്‍ പോയി കെഎസ്ആര്‍ടിസി ചോദിക്കേണ്ട അവസ്ഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ അധപതനമാണ് ഇതെന്നും അദ്ദേഹം വിമര്‍ശിച്ചു.
പൗരാവകാശത്തിന് മേലുള്ള കടന്ന് കയറ്റമാണിത്. പൊലീസിനെ എല്ലാം ഏല്‍പ്പിച്ച് താക്കോല്‍ കൊടുത്തിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിനെല്ലാമെതിരെ സമാധാനപരമായി ജീവന്മരണ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സഞ്ചാര സ്വാതന്ത്ര്യമുള്ള പൊതു വഴിയിലൂടെ പോകരുതെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ, സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടാത്തതിനാല്‍ എരുമേലിയില്‍ തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസ് വിട്ടു നല്‍കണമെന്നായിരുന്നു തീര്‍ത്ഥാടകരുടെ ആവശ്യം.

