തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞ നാലാഞ്ചിറ സ്വദേശി ഫാദർ കെ ജി വർഗീസിന്റെ രോഗ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു. വൈദികന്റെ മരണത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇദ്ദേഹത്തെ ചികിത്സിച്ച 19 ഡോക്ടർമാർ അടക്കം 23 ജീവനക്കാരോടും പേരൂർക്കട ജനറൽ ആശുപത്രിയിൽ ചികിത്സിച്ച ഒമ്പത് ഡോക്ടർമാരോടും ക്വാറന്റൈനിൽ പോകാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
വൈദികന്റെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതും ആരോഗ്യവകുപ്പിന് വെല്ലുവിളിയാകു ന്നുന്നുണ്ട്. കടുത്ത ന്യൂമോണിയയുണ്ടായിരുന്ന വൈദികന് മരണശേഷമാണ് കൊറോണ സ്ഥിരീകരിച്ചത്. 77 വയസ്സായിരുന്നു. വാഹനാപകടം പറ്റി ആശുപത്രിയിലാക്കുകയും തിരികെ കൊണ്ടുവരികയും പിന്നീട് വീണ്ടും ആശുപത്രിയിലാക്കുകയും ചെയ്തതിനിടയിൽ വൈദികനെ കാണാനെത്തിയവരിൽ നിന്നാണോ, അതോ, ആശുപത്രിയിൽ നിന്നാണോ രോഗം പകർന്നത് എന്നതിൽ ഒരു ധാരണയും ആരോഗ്യവകുപ്പിനില്ല.
വാഹനാപകടത്തിൽപ്പെട്ട വൈദികനെ ഏപ്രിൽ 20നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തെ ചികിത്സക്ക് ശേഷം മേയ് 20ന് പേരൂർക്കട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ശ്വാസകോശ രോഗങ്ങൾ മൂർച്ഛിച്ചതോടെ മേയ് 30ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്വാബ് ടെസ്റ്റ് എടുത്തെങ്കിലും ചൊവ്വാഴ്ച വൈദികൻ മരിച്ചു.
നേരത്തെ പോത്തൽകോട് സ്വദേശിയ്ക്ക് എവിടെനിന്നാണ് രോഗം വന്നതെന്ന് കണ്ടെത്താ നാകാത്തതും ആരോഗ്യവകുപ്പിന് തലവേദനയായിരുന്നു. 32 രോഗികൾക്ക് സംസ്ഥാനത്ത് ഉറവിടമില്ലാതെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. അങ്ങനെയെങ്കിൽ വൈറസ് വ്യാപനത്തിന്റെ തോത് സംസ്ഥാനത്ത് ഇനിയും ഉയർന്നേക്കാമെന്ന ആശങ്കയും നിലവിലുണ്ട്.


