മകളെക്കുറിച്ചുള്ള വിങ്ങുന്ന ഓർമ്മകൾക്കിടയിലും അവളുടെ സ്വപ്നമായ ക്ലിനിക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുകയാണ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കൾ. സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സ നൽകാനുള്ള ക്ലിനിക്ക് ഈ മാസം പത്തിന് ആലപ്പുഴ തൃക്കുന്നപ്പുഴയിൽ പ്രവർത്തനം ആരംഭിക്കും.
കോട്ടയം കടുത്തുരുത്തി മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ ജി മോഹൻദാസിന്റെയും തൃക്കുന്നപ്പുഴ വലിയപറമ്പ് മേടയിൽ വീട്ടിൽ ടി വസന്തകുമാരിയുടെയും ഏക മകളായിരുന്നു വന്ദന. വസന്തകുമാരിക്ക് കുടുംബ ഓഹരിയായി തൃക്കുന്നപ്പുഴയിൽ ലഭിച്ച വീട് രണ്ടുനിലയായി നവീകരിച്ചാണ് ക്ലിനിക്ക് സജ്ജമാക്കിയത്. ക്ലിനിക്കിലേക്ക് തൃക്കുന്നപ്പുഴ പഞ്ചായത്ത് നിർമിക്കുന്ന റോഡിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി.
വന്ദനയുടെ അമ്മ വസന്തകുമാരിക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്താണ് ക്ലിനിക്ക് പണിതത്. സെപ്റ്റംബർ പത്തിന് വന്ദനയുടെ പിറന്നാള്‍ ദിനത്തിലാണ് ക്ലിനികിന്റെ ഉദ്ഘാടനം. അധികം വൈകാതെ തന്നെ ചികിത്സയും ആരംഭിക്കും. സ്ഥിരമായി രണ്ട് ഡോക്ടർ മാരുടെ സേവനം ഉണ്ടാകും. വന്ദനയുടെ സുഹൃത്തുക്കൾ ഉൾപ്പടെയുള്ളവർ ക്ലിനിക്കിൽ സേവനം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.