ചെന്നൈ: തമിഴകരാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങള്‍ അവസാനിക്കുന്നില്ല. ഡിഎംകെ-എഐഎഡിഎംകെ സഖ്യമുണ്ടാവുകയാണെങ്കില്‍ ടിവികെയുടെ മുഴുവന്‍ എംഎല്‍എമാരും രാജിവെക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ നടന്നുവെന്നാണ് സൂചന.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സ്വീകരിച്ച നിലപാടിനെതിരെ തമിഴ് വെട്രി കഴകം( ടിവികെ) കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ കേവല ഭൂരിപക്ഷമില്ലെങ്കിലും, സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ടിവികെ വ്യക്തമാക്കുന്നത്.
വിജയ് സമര്‍പ്പിച്ച സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രണ്ടാം ദിവസവും തള്ളിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിനവും രാജ്ഭവനിലെത്തി വിജയ് ഗവര്‍ണറെ കണ്ടെങ്കിലും, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെയാണ് നിയമനടപടികളിലേക്ക് കടക്കാന്‍ ടിവികെ നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.
ഇതിനിടെ ഡി.എം.കെ ഉള്‍പ്പെടെയുള്ള പ്രമുഖ പാര്‍ട്ടികള്‍ വിജയ്യുടെ നിലപാടിന് പിന്തുണയുമായി രംഗത്തെത്തി. ജനവിധിയെ അവഹേളിക്കുന്നതാണ് ഗവര്‍ണറുടെ നടപടിയെന്ന് ഡിഎംകെ വിമര്‍ശിച്ചു. ഡിഎംകെ സഖ്യകക്ഷികളായ സിപിഐ, സിപിഐ, വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) എന്നിവരും ടിവികെയെ പിന്തുണച്ചു. ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണെന്നും അല്ലാതെ രാജ്ഭവനിലല്ലെന്നും വിസികെ അധ്യക്ഷന്‍ തോള് തിരുമാവളവന് പറഞ്ഞു. വിജയ്യുടെ അവകാശവാദം അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടന് കമല്‍ ഹാസനും വിജയ്യുടെ നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വലിയ മുന്നേറ്റമുണ്ടാക്കിയെങ്കിലും ഭരണം പിടിക്കാനുള്ള 118 സീറ്റുകളുടെ മാന്ത്രിക ഭൂരിപക്ഷത്തിലേക്ക് ടിവികെ എത്താനായിരുന്നില്ല. 234 ല്‍ 108 സീറ്റുകളാണ് ടിവികെ നേടിയത്. 11 പേരുടെ പിന്തുണ ഇനിയും വേണം. ഡിഎംകെ 59, എഡിഎംകെ 47, കോണ്‍ഗ്രസ് 5, പിഎംകെ 4, മുസ് ലിം ലീഗ് 2, സിപിഐ 2, സിപിഎം 2 എന്നിങ്ങനെയാണ് മറ്റുകണക്കുകള്‍.


