വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സംസ്ഥാനത്ത് സൗജന്യ കൊവിഡ് ടെസ്റ്റ് നടത്തുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. വിമാനത്താവളങ്ങളിലെ ആര്.ടി.പി.സി.ആര് പരിശോധനയാണ് സൗജന്യമാക്കിയത്. വിദേശത്തുനിന്ന് വരുന്നവരെ പരിശോധനയില്‍ നിന്ന് ഒഴിവാക്കാതിരിക്കാന്‍ സാധിക്കില്ല. കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകാന്‍ സാഹചര്യമുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ ശക്തമായ പരിശോധന നടത്തണം. വീട്ടില്‍ ക്വാറന്റീനില്‍ തുടരാം. പരിശോധന ഫലം എത്രയും വേഗം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കേരളത്തിലെ നാലു വിമാനത്താവളങ്ങളിലും വിദേശത്തുനിന്നെത്തുവര്‍ക്ക് കേന്ദ്രനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആര്.ടി.പി.സി.ആര് പരിശോധന തുടങ്ങിയിരുന്നു. വിദേശത്തെ പരിശോധനക്ക് ശേഷം വീണ്ടും പണം മുടക്കി പരിശോധനക്ക് വിധേയമാകുന്നതിനെതിരെ എതിര്‍പ്പും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുത്തനെ കൂടിയതിനാലാണ് ടെസ്റ്റിംഗ് നിരക്കും കൂട്ടുന്നത്. ജനിതക മാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ എന്നറിയാന്‍ വരുന്നവര്‍ക്കെല്ലാം ഉടനടി പരിശോധന നിര്‍ബന്ധമാക്കും. കേരളം ശാസ്ത്രീയമായി കൊവിഡ് പ്രതിരോധം നടത്തിയെന്നും കൊവിഡ് വ്യാപനം കേരളത്തില്‍ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി. കൊവിഡ് കുത്തനെ കൂടുന്നത് തടയാന്‍ ജനം വളരെയധികം ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്കി.
അതേസമയം സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന ലാബുകള്‍ നാളെ പ്രവര്‍ത്തനം തുടങ്ങും. പരിശോധനയ്ക്ക് ചാര്‍ജ് 448 രൂപ മാത്രമാണ്. 24 മണിക്കൂറിനകം പരിശോധന ഫലം നല്‍കാത്ത ലബോറട്ടറികളുടെ ലൈസന്‍സ് റദ്ദാക്കും. സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് 1700 രൂപയാണ്.