കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ തുടയിൽ സൂചി കയറ്റിയ സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ഡ്യൂട്ടിയിലുള്ള മെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ളവരെ ഉടൻ സ്ഥലം മാറ്റും. സംഭവത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ഡിഎംഎയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴുവയസ്സുകാരൻ്റെ തുടയിലാണ് ഉപയോഗിച്ച സിറിഞ്ച് സൂചി തുളച്ചുകയറിയത്. 14 വർഷം വരെ കുഞ്ഞിന് എച്ച്ഐവി ഉൾപ്പടെഉള്ള പരിശോധനകൾ നടത്തേണ്ട ഗതികേടിലാണിപ്പോൾ കുടുംബം. കായംകുളം ചിറക്കടവം സ്വദേശികളായ കുടുംബത്തിനാണ് ദുരവസ്ഥയുണ്ടായത്. കഴിഞ്ഞ മാസം 19ന് കായംകുളം താലൂക്കാശുപത്രിയിൽ പനി ബാധിച്ച് എത്തിയതായിരുന്നു. കുട്ടിയെ അത്യാഹിത വിഭാഗത്തിലെ കട്ടിലിൽ കിടത്തിയപ്പോഴാണ് മറ്റ് ഏതോ രോഗികൾക്ക് കുത്തിവെയ്പ്പ് നടത്തിയ സൂചി തുടയ്ക്ക് മുകളിൽ തുളച്ച് കയറിയത്. സംഭവം വാർത്തയായതിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷൻ അടക്കം കേസെടുത്തിരുന്നു.