മൂവാറ്റുപുഴ: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ മറവിൽ എസ്.എഫ്.ഐ നേതാക്കളെ കെ.എസ്.യു സംഘം തെരഞ്ഞുപിടിച്ച് ആക്രമിച്ച് കുത്തിപ്പരിക്കേൽപ്പിച്ചതായി സി.പി.എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ആരോപിച്ചു. ഇത് കൊലപാതക ശ്രമമാണെന്നും അധികാരത്തിന്റെ മറവിൽ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും സംഭവത്തിലെ യഥാർത്ഥ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ആവശ്യപ്പെട്ടു. നേതാക്കളെയും പ്രവർത്തകരെയും തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ആക്രമണത്തിന് പിന്നിൽ ഇവരുടെ കൂട്ടാളികളായ മയക്കുമരുന്ന് മാഫിയ ഉൾപ്പെടുന്ന ഗുണ്ടാ സംഘമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആരോപണം നിഷേധിച്ച് കെ.എസ്.യു രംഗത്തെത്തി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ പരാജയത്തിന്റെ ജാള്യത മറയ്ക്കുന്നതിനാണ് എസ്.എഫ്.ഐ മനപ്പൂർവം അക്രമം അഴിച്ചുവിടുന്നതെന്ന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം ജെറിൻ ജേക്കബ് പോൾ ആരോപിച്ചു. ക്യാമ്പസ് തെരഞ്ഞെടുപ്പുകളിൽ വിദ്യാർത്ഥികൾ നൽകിയ ജനാധിപത്യപരമായ വിധിയെ അംഗീകരിക്കുന്നതിന് പകരം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ച കോളേജ് യൂണിയൻ ഭാരവാഹികളെ പോലും ആക്രമിച്ചതായും പരിക്കേറ്റവർ ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു. രാത്രിയിൽ ഉണ്ടായ സംഘർഷത്തിൽ കോളേജിലെ വിദ്യാർത്ഥി നേതാക്കൾക്കോ യൂണിയൻ ഭാരവാഹികൾക്കോ ബന്ധമില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട യഥാർത്ഥ വസ്തുതകൾ പുറത്തുവരണമെന്നും വിദ്യാർത്ഥി നേതാക്കളെ അനാവശ്യമായി കേസിൽപ്പെടുത്തി വേട്ടയാടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

