മൂവാറ്റുപുഴ:തയ്യൽ തൊഴിലാളി പ്രസ്ഥാനത്തിന്റെ സമര പോരാളിയും എ.കെ.ടി.എയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായ ആനിക്കാട് കോട്ടമുറിക്കൽ എൻ. പുഷ്പൻ (90) അന്തരിച്ചു. തയ്യൽ തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങൾക്ക് മുൻപന്തിയിൽ നിന്ന് നേതൃത്വം നൽകിയ പുഷ്പൻ, തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും കേരള കർഷക സംഘം സംസ്ഥാന ട്രഷററുമായ ഗോപി കോട്ടമുറിക്കലിന്റെ സഹോദരനാണ്.
മൂവാറ്റുപുഴ താലൂക്ക് തയ്യൽ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ്, എ.കെ.ടി.എ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, തയ്യൽ തൊഴിലാളി യൂണിയൻ എറണാകുളം ജില്ല മുൻ പ്രസിഡന്റ്, മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മൂവാറ്റുപുഴ നഗരസഭ പൊതു ശ്മശാനത്തിൽ. ഭാര്യ: കാലാമ്പൂർ തൊഴുത്തുങ്കൽതടത്തിൽ കുടുംബാംഗം രമണി. മക്കൾ: അശ്വതി പുഷ്പൻ, ആരതി പുഷ്പൻ. മരുമക്കൾ: ശശിധരൻ (അടൂപ്പറമ്പ്), അഡ്വ. എം.എസ്. ബ്രീസ് (കേരള ഹൈക്കോടതി).

