മുംബൈയില്‍ രണ്ട് പേര്‍ക്കു കൂടി കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വേരിയന്റ് സ്ഥിരീകരിച്ചു. ഇതോടെ, മഹാരാഷ്ട്രയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10 ആയി ഉയര്‍ന്നിട്ടുണ്ട്. ഫൈസര്‍ കൊവിഡ് വാക്സീന് എടുത്ത രണ്ട് പേരിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇവരെ മുംബൈയിലെ സെവന് ഹില്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒമിക്രോണ്‍ വേരിയന്റ് സ്ഥിരീകരിച്ച 37 കാരന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നിന്ന് നവംബര്‍ 25 നാണ് രാജ്യത്ത് മടങ്ങിയെത്തിയത്. അന്നേദിവസം തന്നെ യുഎസില്‍ നിന്ന് മടങ്ങിയെത്തിയ 36 കാരനായ ഇയാളുടെ സുഹൃത്തിനും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരെ പരിശോധിച്ച് വരികയാണ്. കൂടുതല്‍ പേരെ കണ്ടെത്താനുള്ള നടപടികള്‍ തുടരുകയാണ്.
ഇന്ത്യയില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം 23 ആയി ഉയര്‍ന്നിട്ടുണ്ട്. കര്‍ണാടകയിലും ഒമിക്രോണിന്റെ ആദ്യ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഗുജറാത്തിലെ ജാംനഗറിലും മറ്റൊന്ന് മഹാരാഷ്ട്രയിലും ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച, മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ ഏഴ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ രാജസ്ഥാനിലെ ജയ്പൂരില്‍ ഒമിക്രോണ്‍ വേരിയന്റിന്റെ ഒമ്പത് കേസുകള്‍ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ പുതിയ വേരിയന്റ് ബാധിച്ച ഒരാളെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


