മൂവാറ്റുപുഴ: വാര്‍ഡ് തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ആരോഗ്യ മിഷന് ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും നല്കി വന്നിരുന്ന ഫണ്ട് വിതരണം പുനസ്ഥാപിക്കണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ക്കായി എം എല്‍ എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന നടപടി അപലപനീയമാണ്. പൊതു വികസനത്തെ എതിര്‍ക്കാനും മുടക്കാനും ശ്രമിക്കുന്നവര്‍ അതില്‍ നിന്നും പിന്മാറണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. മഴക്കാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എംഎല്‍എ ഓഫിസില്‍ കണ്ട്രോള് റൂം തുറക്കുമെന്ന് എം എല്‍ എ പറഞ്ഞു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ബാധകമല്ലെന്നിരിക്കെ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ക്കായി എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ എംഎല്‍എയെ പങ്കെടുപ്പിക്കാതിരുന്ന ആര് ഡി ഓയുടെ തീരുമാനം പ്രതിഷേധാര്‍ഹമാണന്ന് ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരും നഗരസഭ ചെയര്‍മാനും പറഞ്ഞു. ജനപ്രതിനിധികളുടെ യോഗത്തില്‍ ആയിരുന്നു ആര്‍ഡിയോയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ യോഗത്തില്‍ പറഞ്ഞു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശിയ ആരോഗ്യ മിഷന് വാര്‍ഡുകള്‍ക്ക് നല്കി കൊണ്ടിരിക്കുന്ന ശുചികരണ ഫണ്ട് രണ്ടു വര്‍ഷമായി ലഭിച്ചിട്ടില്ലെന്ന് പ്രസിഡണ്ടുമാര്‍ പറഞ്ഞു. ഇത് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെ പല ഘട്ടങ്ങളിലും ബാധിക്കുന്നുണ്ട്. എന്നാല്‍ പഞ്ചായത്തുകളുടെ തനത് ഫണ്ടില്‍ നിന്നാണ് പ്രവര്‍ത്തനങ്ങള്‍ മുടക്കം കൂടാതെ നടത്തിപ്പോരുന്നതെന്നും അവര്‍ പറഞ്ഞു.
മലങ്കര ഡാമിന്റെ ജലനിരപ്പ് പ്രത്യേകം നിരീക്ഷിക്കും. കൃത്യമായ വിവരങ്ങള്‍ യഥാസമയം ജനങ്ങള്‍ക്ക് മാധ്യമങ്ങള്‍ വഴി ലഭ്യമാക്കും. ജനങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ട സ്ഥിതി ഉണ്ടായാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇതിനുള്ള നടപടികള്‍ തുടങ്ങുവാന്‍ എംഎല്‍എ നിര്‍ദ്ദേശം നല്കി.
വെള്ളപ്പൊക്കം മൂലം സംഭവിക്കാവുന്ന സാഹചര്യങ്ങള്‍ യോഗം വിലയിരുത്തി. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള തുടര്‍ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകരും സജീവ പങ്കാളിത്തം വഹിക്കും. യുഡിഎഫ് ചെയര്മാന് കെ.എം സലിം അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.എം അബ്ദുള്‍ മജീദ്, നഗരസഭ ചെയര്മാന് പി.പി എല്‍ദോസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.പി ബേബി, ബിനോ കെ. ചെറിയാന്, സുറുമി അജീഷ്, ജാന്‍സി മാത്യു, ബ്ലോക്ക് പ്രസിഡന്റുമാരായ സാബു ജോണ്‍, സുഭാഷ് കടയ്ക്കോട്, പി.എ ബഷീര്‍, പി.എം അബ്ദുള്‍ സലാം, കെ.എ അബ്ദുള്‍ സലാം, അജി സാജു, ജോയിസ് മേരി ആന്റണി, സാബു പൊതൂര്‍, അസം ബീഗം, ബിന്ദു ജയന്, എന്‍.എം ജോസഫ്, പോള്‍ ലൂയിസ്, കെ കെ സുബൈര്‍, സാന്റോസ് മാത്യു എന്നിവര്‍ സംസാരിച്ചു.


