പാറശാല ഷാരോണ്‍ വധക്കേസില്‍ കുടുംബം ഇന്ന് പൊലീസില്‍ മൊഴി നല്‍കും. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫിസിലെത്തിയാകും മൊഴി നല്‍കുക. കൊലപാതകത്തില്‍ ഗ്രീഷ്മയ്ക്ക് മാത്രമല്ല അവരുടെ കുടുംബത്തിനും പങ്കുണ്ടെന്ന ആരോപണം ഉറച്ച് നില്‍ക്കുകയാണ് ഷാരോണിന്റെ അച്ഛന്.
കാലപാതകത്തില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും അമ്മാവനും പങ്കുണ്ട്. ഗ്രീഷ്മയെ കാണാന്‍ ഷാരോണ്‍ എത്തുന്നത് അമ്മ കണ്ടിരുന്നു. അവര്‍ തമ്മില്‍ തനിച്ച് കാണാനുള്ള സൗകര്യം അവര്‍ ഒരുക്കി നല്കി. വിഷം കലര്‍ന്ന കഷായം തയ്യാറാക്കിയത് ഗ്രീഷ്മയുടെ അമ്മയാണെന്നും ജയരാജ് പറയുന്നു. പ്രണയത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മയുടെ അമ്മ ഒരു വീഡിയോ അയച്ചിരുന്നു. ഇത് പൊലീസിന് നല്‍കുമെന്നും ജയരാജ് വ്യക്തമാക്കി.
‘ഗ്രീഷ്മ എല്ലാ ദിവസവും മകനെ അങ്ങോട് വിളിക്കുമായിരുന്നു. വെട്ടുകാട് പള്ളിയില്‍ പോയി താലികെട്ടി, സിന്ദൂരം തൊട്ടു. അങ്ങനെയാണ് ഞങ്ങള്‍ മനസിലാക്കുന്നത്. അവളുടെ അമ്മയ്ക്കും അമ്മാവനുമാണ് കൊലപാതകത്തില്‍ പങ്ക്. അമ്മാവനാണ് സാധനം വാങ്ങി നല്‍കിയത്. അമ്മയുടെ പ്ലാനാണ് കൊലയ്ക്ക് പിന്നില്‍. ഷാരോണ്‍ ഒരിക്കലും അവിടേക്ക് പോയി ബുദ്ധിമുട്ടിച്ചിട്ടില്ല. അവന് എല്ലാം എന്നോട് തുറന്ന് പറയുമായിരുന്നു. താലികെട്ടിയത് മാത്രമേ മകന് മറച്ച് വച്ചിട്ടുള്ളു. സിന്ദൂരം തൊട്ടതെല്ലാം പറഞ്ഞിട്ടുണ്ട്. ഒരിടയ്ക്ക് അവര്‍ ബ്രേക്ക് അപ്പ് ആയിരുന്നു. പിന്നീട് ഗ്രീഷ്മ തന്നെയാണ് മകനോട് അടുത്തത്’- ഷാരോണിന്റെ അച്ഛന് ജയരാജന് പറയുന്നു.
തിരുവനന്തപുരം പാറശാലയില്‍ ഷാരോണിന്റെ കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മ കുറ്റം സമ്മതിച്ചെന്ന് എഡിജിപി എം ആര് അജിത് കുമാര്‍ അറിയിച്ചത് ഇന്നലെയാണ്. നിലവില്‍ കേസില്‍ ഗ്രീഷ്മ മാത്രമാണ് പ്രതി. ശാസ്ത്രീയമായ തെളിവുകള്‍ ഇനിയും ശേഖരിക്കേണ്ടതുണ്ട്. ഇന്നലെ 7 മണിക്കൂറോളം ഗ്രീഷ്മയെ ചോദ്യം ചെയ്തു. ഷാരോണിനെ ഒഴിവാക്കാന്‍ ജാതക ദോഷമുണ്ടെന്ന് ഗ്രീഷ്മ കള്ളം പറയുകയായിരുന്നു എന്നും എഡിജിപി പറഞ്ഞു.
‘ഷാരോണും ഗ്രീഷ്മയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് വീട്ടുകാര്‍ മറ്റൊരു വിവാഹത്തിന് ആലോചിച്ചു. ഇതോടെ ഷാരോണുമായുള്ള ബന്ധം ഒഴിവാക്കാനാണ് കുറ്റം ചെയ്തതെന്നാണ് ഗ്രീഷ്മ മൊഴിയില്‍ സമ്മതിചിച്ചിട്ടുള്ളത്. ഷാരോണിനെ വീട്ടില്‍ വിളിച്ചുവരുത്തി, കീടനാശിനി കഷായത്തില്‍ കലര്‍ത്തിയാണ് നല്‍കിയത്. അവിടെ വച്ച് തന്നെ ഷാരോണ്‍ ഛര്‍ദിച്ചു. ശേഷം മടങ്ങിയെന്നും ഗ്രീഷ്മ പറയുന്നു. ഷാരോണിലെ കൊലപ്പെടുത്തണമെന്ന ഉദ്ദേശം തന്നെയായിരുന്നു ഗ്രീഷ്മയ്ക്ക്. യുവാവിനെ വീട്ടില്‍ വിളിച്ചു വരുത്തിയതും ഇതിന്റെ ഭാഗമായാണ്’.


