പൂനെ: പൂനെയിലെ പ്രമുഖ വ്യവസായി കേതൻ അഗർവാളിനെ ലോഹഗഡ് കോട്ടയിലെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേതന്റെ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയത് ജൂൺ 17-ന് പൂനെയിലെ ഒരു കഫേയിൽ വച്ചാണെന്ന് പൊലീസ്. തൊട്ടടുത്ത ദിവസമായ ജൂൺ 18-നാണ് കേതൻ കോട്ടയിൽ നിന്ന് വീണ് മരിക്കുന്നത്.
കഫേയിൽ ഇരുവരും ഒരുമിച്ചിരുന്ന് സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ജൂൺ 17 വൈകുന്നേരം 4:35-ന് കഫേയിൽ എത്തിയ ഇരുവരും 5:30-ഓടെയാണ് അവിടെനിന്നും ഇറങ്ങിയത്. ഈ ഒരു മണിക്കൂറിനുള്ളിലാണ് കൊലപാതകത്തിന്റെ മുഴുവൻ പ്ലാനും ഇവർ തയ്യാറാക്കിയതെന്നാണ് പൊലീസ് പറയുന്നത്. യൂട്യൂബ് വീഡിയോകൾ ഉപയോഗിച്ചാണ് ലോഹഗഡ് കോട്ടയിലെ കൊക്കയുള്ള ഭാഗങ്ങളെക്കുറിച്ചും ആളൊഴിഞ്ഞ സ്ഥലങ്ങളെക്കുറിച്ചും സിയ കാമുകന് പറഞ്ഞു കൊടുത്തതെന്നും പൊലീസ്.
റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ കമ്പനിയായ ‘സക്സസ് ഗ്രൂപ്പിന്റെ’ ഡയറക്ടറും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായിരുന്നു 25-കാരനായ കേതൻ അഗർവാൾ. നവംബറിൽ നടത്താനിരുന്ന വിവാഹത്തിന്റെ ഒരുക്കങ്ങൾക്കിടയിലാണ് കേതൻ മരണപ്പെടുന്നത്. ശക്തമായ കാറ്റിൽ ഫോട്ടോ എടുക്കുന്നതിനിടയിൽ കേതൻ അബദ്ധത്തിൽ തെന്നിവീണതാണെന്നായിരുന്നു സിയ ആദ്യം പൊലീസിന് നൽകിയ മൊഴി. തുടക്കത്തിൽ കേതന്റെ കുടുംബത്തിന് സംശയമൊന്നും ഇല്ലാതിരുന്നിട്ടും പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. സിയയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് പൊലീസിന് ആദ്യം സംശയമുണ്ടാക്കിയത്. ഫോട്ടോ എടുക്കുന്നതിനിടയിലാണ് വീണതെന്ന് സിയ പറഞ്ഞെങ്കിലും കേതന്റെ ഫോണിൽ അന്ന് എടുത്ത ഒരു ചിത്രം പോലും ഉണ്ടായിരുന്നില്ല. പിന്നീട് ചോദ്യം ചെയ്തപ്പോൾ കേതൻ വെള്ളം ചോദിച്ചെന്നും കുപ്പി കൊടുക്കുന്നതിനിടയിൽ തെന്നി വീണതാണെന്നും സിയ മാറ്റിപ്പറഞ്ഞു. ഇതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.


