കോട്ടയം: അപകടത്തില്‍ പരിക്കേറ്റ് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ കൂട്ടുകാരിയ്ക്കു വസ്ത്രം എത്തിച്ചു നല്കിയ പെണ്‍കുട്ടിയ്ക്കും ആണ് സുഹൃത്തിനും നേരെ കോട്ടയം നഗരമധ്യത്തില്‍ സദാചാര ഗുണ്ടാ ആക്രമണം. സിഎംഎസ് കോളേജ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയ്ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ നടുറോഡിലിട്ട് അടിയ്ക്കുയും ചവിട്ടുകയും ചെയ്ത സംഘം, ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെയും മര്‍ദിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പെണ്‍കുട്ടിയെയും സുഹൃത്തിനെയും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
നഗരമധ്യത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനിലാണ് സദാചാര ഗുണ്ടാ സംഘം അഴിഞ്ഞാടിയത്. പോലീസ് എത്തിയാണ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ആശുപത്രിയില്‍ എത്തിച്ചത്. പ്രതികളായ താഴത്തങ്ങാടി സ്വദേശികളെ രചിങ്ങവനം സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ ടിആര്‍ ജിജുവിന്റ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ എടുത്തു.
തിങ്കളാഴ്ച രാത്രി 10.30 ഓടെ ചാലുകുന്ന് റോഡില്‍ സിഎംഎസ് കോളേജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് സ്കൂട്ടറുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടി കോളേജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്ത്തിനങ്ങള്ക്കായി സിഎംഎസ് കോളേജിലേയ്ക്കു വരുന്ന കുട്ടിയായിരുന്നു. ഈ കുട്ടിയ്ക്ക് പരിക്കേറ്റ വിവരം അറിഞ്ഞാണ് സഹ പ്രവര്‍ത്തകയായും സഹപാഠിയുമായ പെണ്‍കുട്ടി സുഹൃത്തിനെയും കൂട്ടി വസ്ത്രവുമായി ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിയത്.
ജില്ലാ ജനറല്‍ ആശുപത്രിയില്‍ വസ്ത്രം നല്കിയ ശേഷം പെണ്‍കുട്ടിയും സുഹൃത്തും നഗരമധ്യത്തില്‍ ഭാരത് ആശുപത്രി ഭാഗത്തെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തി. ഈ സമയം താഴത്തങ്ങാടി സ്വദേശികളായ ഒരു സംഘം യുവാക്കള്‍ അശ്ലീല ചുവയോടെ പെണ്‍കുട്ടിയോട് സംസാരിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടി ഇതിനെ ചോദ്യം ചെയ്തു. ഇതോടെ ഇവിടെ വച്ച് പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്ന യുവാവും എതിര് സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ ഇവര്‍ തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കാതെ സെന്‍ട്രല്‍ ജംഗ്ഷനിലെ കടയിലേയ്ക്കു പോന്നു. ഈ സമയം പിന്നാലെ എത്തിയ അക്രമി സംഘം പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന യുവാവിനെ അക്രമിക്കുകയായിരുന്നു.
രാത്രിയില്‍ പെണ്‍കുട്ടിയുമായി പോകുന്നത് എങ്ങോട്ടാടാ എന്ന രീതിയില്‍ അശ്ലീല ചുവ കലര്‍ന്ന ചോദ്യത്തോടെയാണ് അക്രമി സംഘം ഇരുവരെയും ആക്രമിച്ചത്. ഇതോടെ നാട്ടുകാരും സംഭവ സ്ഥലത്ത് ഓടിയെത്തി. ഈ സമയമെല്ലാം യുവാവിനെ നിലത്തിട്ട് ചവിട്ടുകയും പെണ്‍കുട്ടിയുടെ മുടിക്കുത്തിന് പിടിച്ച് ആക്രമിക്കുകയുമായിരുന്നു അക്രമി സംഘം.
ഈ സമയത്താണ് പോലീസ് സംഘം വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയത്. തുടര്‍ന്നു കോട്ടയം ചിങ്ങവനം സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ ടി ആര് ജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടി വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പരിക്കേറ്റ വിദ്യാര്‍ഥിനിയെയും സുഹൃത്തിനെയും ജില്ലാ ജനറല്‍ ആശുപത്രിയിലേക്കും പോലീസ് സംഘം എത്തിച്ചു.


