കിളിക്കൊല്ലൂര്‍ കേസില്‍ സൈനികന് വിഷ്ണുവിനും സഹോദരന് വിഘ്നേഷിനും മര്‍ദ്ദനമേറ്റത് പൊലീസ് സ്റ്റേഷനില്‍ വച്ചെന്ന് റിപ്പോര്‍ട്ട്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. സൈനികനെയും സഹോദരനെയും മര്‍ദ്ദിച്ചതാരാണെന്ന് അറിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ പൊലീസുകാരെ സംരക്ഷിച്ച് കമ്മീഷണറുടെ റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷന് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പുറത്തു വന്നത്.സൈനികന് വിഷ്ണുവിനും സഹോദരനും വിഘ്നേഷിനും മര്‍ദ്ദനമേറ്റത് സ്റ്റേഷനില്‍ വെച്ച് തന്നെയാണെങ്കിലും മര്‍ദ്ദിച്ചതാരാണെന്നതില്‍ വ്യക്തതയില്ലെന്നാണ് പൊലീസ് നല്കിയ റിപ്പോര്‍ട്ടിലുള്ളത്.
വിഘ്നേഷിനെയും സൈനികനായ വിഷ്ണുവിനെയും മര്‍ദ്ദിച്ച സംഭവത്തില്‍ ഇവര്‍ക്ക് മര്‍ദ്ദനമേറ്റത് പൊലീസ് സ്റ്റേഷനില്‍ വച്ചല്ല എന്നായിരുന്നു പൊലീസിന്റെ വാദം. അത് പുറത്തുനിന്ന് ഉണ്ടായ മര്‍ദ്ദനമാണെന്നും അതിനുശേഷമാണ് ഇവര്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതെന്നുമായിരുന്നു ആദ്യത്തെ വാദം. പൊലീസിന്റെ ഈ വാദം തള്ളിക്കളയുന്നതാണ് പോലീസിന്റെ തന്നെ റിപ്പോര്‍ട്ട്.
എന്നാല്‍ പൊലീസിനെ സംരക്ഷിക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്നാണ് മര്‍ദ്ദനമേറ്റ വിഘ്നേഷ് പ്രതികരിച്ചത്. ആരോപണ വിധേയരായ എസ്ഐയെയും സിഐയെയും സംരക്ഷിക്കാന്‍ ചില ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. കേസ് താഴേ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവെക്കാനും ശ്രമം നടക്കുന്നുണ്ട്. പൊലീസുകാര്‍ക്കെതിരെ തുടര്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും വിഘ്നേഷ് വ്യക്തമാക്കി.’ജീവിതം തകര്‍ത്തു, ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാക്കി, ഏറ്റവും ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ യാതൊരു നടപടിയുമില്ലെന്ന രീതി. ഇതിനെതിരെ ഏതറ്റം വരെയും പോരാടുമെന്നുംവിഘ്നേഷ് പറഞ്ഞു.
എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാന്‍ വിളിച്ചു വരുത്തിയ ശേഷം പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മഫ്തിയിലുണ്ടായിരുന്ന എഎസ്ഐയും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ കള്ളക്കേസും ചമച്ചു. ലഹരിക്കടത്ത് കേസില്‍ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കള്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി എഎസ്ഐയെ ആക്രമിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്ത പുറത്ത് വിടുകയും പിന്നാലെ കേസെടുക്കുകയുമായിരുന്നു.
സംഭവത്തില്‍ കൊല്ലം സെപെഷ്യല്‍ ബ്രാഞ്ച് എസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസിന് വീഴ്ച്ചയുണ്ടായതായി കണ്ടെത്തി. പിന്നാലെ എസ്എച്ച്ഒ, എസ്ഐ അടക്കമുള്ളവരെ സസ്പെന്‍ഡ് ചെയ്തു. എസ്എച്ച്ഒ വിനോദ് എസ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രന്, സിപിഒ മണികണ്ഠന് പിള്ള എന്നിവരെയാണ് ദക്ഷിണ മേഖല ഐജി പി.പ്രകാശ് സസ്പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് ആരാണ് മര്‍ദ്ദിച്ചതെന്നതില്‍ വ്യക്തതയില്ലെന്ന രീതിയില്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്.


