തളിപ്പറമ്പ്: തളിപ്പറമ്പ് സ്വദേശിനിയായ 16 വയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവിനെ പൊലീസ് പിടികൂടി. ഇരിക്കൂര്‍ സ്വദേശി റാഫിയെയാണ് (20) തളിപ്പറമ്പ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞദിവസമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. ഉമ്മയുടെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയത്തിലാകുന്നത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെയാണ് കോയമ്പത്തൂര്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഇരുവരെയും റെയില്‍വേ പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തളിപ്പറമ്പ് സ്വദേശിനിയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
തുടര്‍ന്നാണ് തളിപ്പറമ്പ് പൊലീസ് കോയമ്പത്തൂരില്‍ എത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവാവിനെതിരെ പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷം പൊലീസ് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.


