പശ്ചിമ ബംഗാളിലെ ആർജി കാർ ആശുപത്രിയിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന റിപ്പോർട്ട് പുറത്ത്.ഡോക്ടർ വിശ്രമിക്കുകയായിരുന്ന സെമിനാർ ഹാളിലേക്ക് പ്രവേശിച്ചുവെന്നും എന്നാൽ താൻ എത്തിയപ്പോൾ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് പ്രതിയുടെ വാദം. പിന്നാലെ താൻ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പ്രതി പറഞ്ഞതായാണ് റിപ്പോർട്ട്.
ചോദ്യം ചെയ്യലിന് ശേഷം ഇയാൾ അസ്വസ്ഥനായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കൊലപാതകക്കേസിൽ താൻ നിരപരാധിയാണെന്ന വാദം ഉന്നയിച്ചതിന് പിന്നാലെയാണ് റോയിയെ നുണപരിശോധനക്ക് വിധേയനാക്കുന്നത്. തെളിവുകൾ നിരത്തി ചോദ്യം ചെയ്തെങ്കിലും കൃത്യം നടക്കുന്ന സമയത്തും താൻ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്ന വാദമാണ് പ്രതി ഉന്നയിച്ചത്.
കൊൽക്കത്ത പോലീസിൻ്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പിന്നീടാണ് താൻ നിരപരാധിയാണെന്നും കുറ്റകൃത്യത്തിലേക്ക് വലിച്ചിഴക്കപ്പെടുകയായിരുന്നുവെന്നും മൊഴി മാറ്റിയത്. ജയിൽ ഗാർഡുകളോടും സംഭവത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു റോയിയുടെ പ്രതികരണം.