പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. തൃശ്ശൂര്‍ തളിക്കുളം കച്ചേരിപ്പടി സ്വദേശി പ്രണവിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബര്‍ 30 നാണ് കേസിനാസ്പദമായ സംഭവം. മണലൂര്‍ പുത്തന്‍കുളം സ്വദേശി നീരജ് സുഹൃത്തുക്കളായ അതുല്‍, ആദര്‍ശ് എന്നിവരില്‍ നിന്നാണ് പൊലീസ് ആണെന്ന് കള്ളം പറഞ്ഞ് ഇയാള്‍ 30,000 രൂപ കൈക്കലാക്കുന്നത്. മൂന്ന് പേരും ചേര്‍ന്ന് സ്കൂട്ടറില്‍ വരുന്നതിനിടെ മോട്ടോര്‍ സൈക്കിളില്‍ വന്ന പ്രതി പൊലീസാണെന്ന് പറഞ്ഞ് മൂവരെയും തടഞ്ഞു നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് കഞ്ചാവ് ഉണ്ടോയെന്ന് അറിയാനെന്ന പേരില്‍ പരിശോധന നടത്തുകയും ആദര്‍ശിന്റെ മുഖത്തടിക്കുകയും ചെയ്തു. മൂവരെയും കൂട്ടി ഇവരുടെ തന്നെ മറ്റൊരു കൂട്ടുക്കാരനായ ആഷിന്റെ വീട്ടിലേക്ക് പോവുകയും അവിടെ വെച്ച് നാല് പേരെയും കഞ്ചാവ് ഉള്‍പ്പടെയുള്ള വിവിദ കേസുകളില്‍ ഉള്‍പ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഇവരുടെ പക്കല്‍ നിന്നും 30,000 രൂപ പ്രതി വാങ്ങുന്നത്.
തുടര്‍ന്ന് മൂവരെയും വീണ്ടും ഭീഷണിപ്പെടുത്തി കാഞ്ഞാണി ബസ്സ് സ്റ്റാന്‍ഡിലെ എ.ടി.എമ്മില്‍ നിന്ന് നീരജിന്റെ അമ്മയുടെ അക്കൗണ്ടില്‍ നിന്നും 15,000 രൂപ കൂടി എടുപ്പിച്ച് മൊത്തം 45,000 രൂപയുമായി പ്രതി കടന്ന് കളയുകയായിരുന്നു. ഇയാള്‍ക്കെതിരെ തളിപറമ്പ് ,മലപ്പുറം, എറണാകുളം സൗത്ത്, അന്തിക്കാട്, എന്നീ പൊലീസ് സ്റ്റേഷനുകളിലായി 12 ല്‍ പരം കേസുകളുള്ളതായി പൊലീസ് അറിയിച്ചു.


