തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം തുടര്‍ക്കഥയാകുന്നു. ബാലരാമപുരത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം 2 പേരെ വെട്ടി. പത്തിലധികം വാഹനങ്ങള്‍ തകര്‍ത്തു. പ്രതിയില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നരുവാമൂട് സ്വദേശി മിഥുനാണ് പിടിയിലായത്. മിഥുന് ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
ബാലരാമപുരം എരുത്താവൂര്‍, റസ്സല്‍പുരം തുടങ്ങിയ ഭാഗങ്ങളിലാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കാര്‍ യാത്രക്കാരനായ ജയചന്ദ്രനും, ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷീബ കുമാരിക്കുമാണ് വെട്ടേറ്റത്. പരിക്കുകള്‍ നിസ്സാരമാണ്. ഇവര്‍ സഞ്ചരിച്ച പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന 9 ലോറി, 3 കാറ്, 4 ബൈക്ക് എന്നിവയെ വെട്ടി തകര്‍ത്തു.
പരിഭ്രാന്തരായ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബാലരാമപുരം പൊലീസ് ഇവരെ പിന്തുടര്ന്നു. നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോവുകയായിരുന്ന സംഘത്തിന്റെ ബൈക്ക് അപകടത്തില്‍പ്പെട്ടു. ഇതിനിടയിലാണ് മിഥുനിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടാമന് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.


