കോഴിക്കോട് കായക്കൊടിയില്‍ പതിനേഴുകാരിയായ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ നാല് പേര് അറസ്റ്റില്‍. കായക്കൊടി സ്വദേശികളായ സായൂജ്, രാഹുല്‍, ഷിബു, അക്ഷയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്കാന് ബാലാവകാശ കമ്മിഷന് വടകര റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്കി.
ഈ മാസം മൂന്നാം തിയ്യതി ജാനകിക്കാട്ടില്‍ വെച്ചാണ് പീഡനം നടന്നത്. നാല് പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ ജാനകിക്കാട്ടിലേക്കു കൊണ്ടുപോയി സുഹൃത്തുക്കളെയും വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
പ്രതികള്‍ തന്നെ സംഭവം നാട്ടിലെ ചിലരോട് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടില്‍ അറിഞ്ഞു. തൊട്ടില്‍പ്പാലം സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നാദാപുരം എഎസ്പിക്ക് അന്വേഷണ ചുമതല കൈമാറി. നേരത്തെ തീരുമാനിച്ചുറപ്പിച്ച് പെണ്‍കുട്ടിയെ ജാനകിക്കാട്ടിലെത്തിച്ച് ഉപദ്രവിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.


