200 കോടിയുടെ തട്ടിപ്പുകേസില്‍ പ്രതിയായ സുകേഷ് ചന്ദ്രശേഖറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടി ജാക്വിലിന് ഫെര്‍ണാണ്ടസ്. സുകേഷ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ജീവിതം നരകമാക്കിയെന്നും അവര്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ നല്കിയ പ്രസ്താവനയില്‍ പറഞ്ഞു. സുകേഷിന്റെ സഹായി പിങ്കി ഇറാനിയാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്നു പറഞ്ഞ് അദ്ദേഹത്തെ പരിചയപ്പെടുത്തിയതെന്നും ജാക്വിലിന് പറഞ്ഞു.
സണ്‍ ടി.വിയുടെ ഉടമയാണെന്നും അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അമ്മായിയാണെന്നുമാണ് സുകേഷ് തന്നോട് പറഞ്ഞതെന്ന് ജാക്വിലിന്റെ പ്രസ്താവനയിലുണ്ട്. തന്റെ വലിയ ആരാധകനാണെന്ന് സുകേഷ് പറഞ്ഞു. ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമകളിലും ശ്രദ്ധകേന്ദ്രീകരിക്കണം. സണ്‍ ടിവിയുടെ ഉടമയെന്ന നിലയില്‍ ഈ ബാനറിന്റേതായി ഒരുപാട് ചിത്രങ്ങള്‍ ചെയ്യാനുണ്ട്. തെന്നിന്ത്യന്‍ സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും സുകേഷ് പറഞ്ഞതായി ജാക്വിലിന് കോടതിയെ അറിയിച്ചു.
സുകേഷ് ചന്ദ്രശേഖറില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചതായി ജാക്വലിന് സമ്മതിച്ചിട്ടുണ്ട്. അഞ്ച് ആഡംബര വാച്ചുകള്‍, ഒരു മസാജ് ചെയര്‍, വിലകൂടിയ ഡിസൈനര്‍ ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, നാല് വിലകൂടിയ ബാഗുകള്‍, ഒമ്പത് പെയിന്റിംഗുകള്‍ എന്നിവയാണ് സുകേഷ് സമ്മാനമായി തന്നത്.
അതേസമയം, ചന്ദ്രശേഖറിന്റെ സഹായി പിങ്കി ഇറാനി അയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നാണ് തന്നോട് പറഞ്ഞത്. ഇതിന് ശേഷമാണ് ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയത്. ദിവസവും മൂന്ന് തവണയെങ്കിലും ഫോണില്‍ സംസാരിക്കാറുണ്ട്. എന്നാല്‍ ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ജാക്വലിന് കോടതിയെ ബോധ്യപ്പെടുത്തി. അവസാനമായി സംസാരിച്ചത് 2021 ആഗസ്റ്റ് എട്ടിനായിരുന്നു. എന്നാല്‍ പിന്നീടാണ് അയാളെ അറസ്റ്റ് ചെയ്ത കാര്യം താന്‍ അറിയുന്നത്. അപ്പോഴാണ് സുകേഷിന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ചും യഥാര്‍ഥ പേര് പോലും അറിയുന്നതെന്നും നടി പറയുന്നു. കേരളത്തിലേക്ക് യാത്ര ചെയ്തപ്പോള്‍ സുകേഷിന്റെ സ്വകാര്യജെറ്റ് ഉപയോഗിച്ചിട്ടുണ്ടെന്നും നടി സമ്മതിച്ചിട്ടുണ്ട്.
സുകേഷ് ചന്ദ്രശേഖറിനെതിരായ കേസില്‍ സാക്ഷിയായ നടി നോറ ഫത്തേഹിയും ഈ ആഴ്ച ഡല്‍ഹി കോടതിയില്‍ മൊഴി രേഖപ്പെടുത്തിയിരുന്നു. കാമുകിയാകാന്‍ സമ്മതിച്ചാല്‍ വലിയ വീടും ആഡംബര ജീവിതവും സുകേഷ് വാഗ്ദാനം ചെയ്തതായാണ് നോറയുടെ മൊഴി. കേസില്‍ ഇഡി സമന്‍സ് അയച്ചതിന് ശേഷമാണ് സുകേഷ് ചന്ദ്രശേഖര്‍ തട്ടിപ്പുകാരനാണെന്ന് മനസ്സിലായതെന്നും നടി കോടതിയില്‍ അറിയിച്ചു.
ഒന്നിലേറെ കേസുകളിലാണ് സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായിട്ടുള്ളത്. മുമ്പും പല കേസുകളില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. ഡല്‍ഹിയിലെ വ്യവസായിയുടെ ഭാര്യയില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്ത കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജാക്വലിന് ഫെര്‍ണാണ്ടസും പ്രതിപ്പട്ടികയിലുണ്ട്. തുടര്‍ന്ന് താരത്തിനെ ഇഡി പലതവണ ചോദ്യം ചെയ്തിരുന്നു.


