കോഴിക്കോട് തിക്കോടിയില്‍ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു. തിക്കോടി വലിയ മഠത്തില്‍ മോഹനന്റെ മകന് നന്ദു(31) എന്ന നന്ദുലാലാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
നന്ദകുമാര്‍ തീകൊളുത്തിയ കൃഷ്ണപ്രിയ നേരത്തെ തന്നെ മരിച്ചിരുന്നു. യുവതിയെ ആക്രമിച്ച ശേഷം സ്വയം നന്ദകുമാറും തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ചികിത്സയിലായിരുന്നു.
ഇന്നലെ രാവിലെ തിക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നില്‍ വച്ചായിരുന്നു സംഭവം നടക്കുന്നത്. കൃഷ്ണ പ്രിയയുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ, നന്ദകുമാര്‍ കയ്യില്‍ കരുതിയ കുപ്പിയില്‍ നിന്നും പെട്രോള്‍ കൃഷ്ണപ്രിയയുടെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു. ശേഷം ബാക്കി പെട്രോള്‍ സ്വന്തം ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തി. ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായിരുന്നു.
തിക്കോടി പഞ്ചായത്ത് ഓഫിസിലെ പ്ലാനിങ് വിഭാഗം പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയ. പ്രണയാഭ്യര്‍ഥ നിരസിച്ചതാണ് ആക്രമണത്തിന് കാരണമായത്. പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തടഞ്ഞ് നിര്‍ത്തി കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.


