ഇടവേളയ്ക്ക് ശേഷം ലഹരി മാഫിയയുടെയും ക്രിമിനല്‍ സംഘങ്ങളുടെയും ഹബ്ബായിമാറി കൊച്ചി നഗരം. കഞ്ചാവിനും ഹാഷിഷ് ഓയിലിനും പുറെമ എംഡിഎംഎ, എല്‍എസ്ഡി ഉള്‍പ്പെടെയുള്ള സിന്തറ്റിക് ലഹരി വസ്തുക്കളുടെ വില്പനയും വ്യാപകമായി. ഒരാഴ്ച്ചക്കിടെ നഗരത്തിലുണ്ടായ മൂന്ന് കൊലപാതകങ്ങളിലും ലഹരി തന്നെയാണ് മുഖ്യക്കണ്ണി.
നഗരത്തെ കീഴടക്കുന്ന ലഹരിയുടെ വ്യാപ്തി പൊലീസിന്റെ കണക്കുകളില്‍ വ്യക്തം. ഈ വര്‍ഷം പകുതി പിന്നിടുമ്പോള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത് 1200 എന്‍ഡിപിഎസ് കേസുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ മുപ്പത് ശതമാനത്തിന്റെ വര്‍ധന. 2021ല്‍ 910 എന്‍ഡിപിഎസ് കേസുകളില്‍ 1091 പേര് പൊലീസിന്റെ പിടിയിലായപ്പോള്‍ ഈ വര്‍ഷം അറസ്റ്റിലായത് 1200 പേര്.
വാണിജ്യാടിസ്ഥാനത്തില്‍ വില്പന നടത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ആകെ 17 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ വര്‍ഷം ഇതുവരെ 11 കേസുകളായി. പിടികൂടിയ ലഹരി വസ്തുക്കളുടെ കണക്കുകളിലെ വര്‍ധനയും അതിശയിപ്പിക്കുന്നതാണ്. ലഹരി തലയ്ക്ക് പിടിച്ച് ചെയ്ത് കൂട്ടുന്ന കുറ്റകൃത്യങ്ങളുടെ കണക്കാണ് ആശങ്കപ്പെടുത്തുന്നത്.
കഴിഞ്ഞ ബുധനാഴ്ച നഗരത്തില്‍ യുവാവിനെ കഴുത്തില്‍ കുപ്പികയറ്റി കൊലപ്പെടുത്തിയത് മദ്യലഹരിയില്‍. നാല് ദിവസത്തിനപ്പുറം സൗത്ത് പാലത്തിന് സമീപം വരാപ്പുഴ സ്വദേശി കുത്തേറ്റ് മരിച്ചു. ഇവിടെയും ലഹരിയുടെ സാന്നിധ്യം. 48 മണിക്കൂര്‍ പിന്നിടും മുന്‍പ് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്ലാറ്റില്‍ മറ്റൊരു യുവാവും കൊല്ലപ്പെട്ടു. ലഹരി വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഇവിടെയും കൊലപാതകത്തിലേക്ക് നയിച്ചത്.
പൊലീസും എക്സൈസും പരിശോധന കര്‍ശനമാക്കുമ്പോഴും നഗരത്തിലേക്ക് ലഹരിയുടെ ഒഴുക്ക് നിര്‍ബാധം തുടരുന്നു. കുറ്റകൃത്യങ്ങളും പെരുകുന്നു.


