ഇലന്തൂര്‍ നരബലി കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഒന്നാം പ്രതി മുഹമ്മദ് ഷാഫി. നരബലി നടത്തിയ ശേഷം 20 ലക്ഷം രൂപയ്ക്ക് മനുഷ്യ മാംസം വില്‍ക്കാമെന്ന് കൂട്ടുപ്രതികളായ ഭഗവല്‍ സിംഗിനെയും ലൈലയെയും വിശ്വസിപ്പിച്ചിരുന്നതായി പ്രതി വ്യക്തമാക്കി. ഇത്തരത്തില്‍ വില്‍ക്കാനാണ് മാസം ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. കൂടാതെ മനുഷ്യന്റെ മാറിടത്തിനും ഹൃദയത്തിനും കരളിനും കൂടുതല്‍ വില ലഭിക്കുമെന്നും ഇരുവരെയും വിശ്വസിപ്പിച്ചതായി ഷാഫി പറഞ്ഞു.
ഇത്തരത്തില്‍ മാംസം വിറ്റ് ലഭിക്കുന്ന പണം കൊണ്ട് സാമ്പത്തിക അഭിവൃത്തി നേടാമെന്നാണ് ഷാഫി ഇരുവരോടും പറഞ്ഞത്. കൂടാതെ കൊലപാതകത്തിന്റെ പേരില്‍ ഇവരെ ഭീഷണിപ്പെടുത്തി പണം വാങ്ങാനും ഷാഫി പദ്ധതിയിട്ടിരുന്നു. കൂടാതെ ഇവരില്‍ നിന്ന് 6 ലക്ഷം രൂപ വാങ്ങുകയും ചെയ്തിരുന്നു.
ആദ്യം റോസ്ലിനെ ബലി നല്കിയ ശേഷം ഭഗവല്‍ സിങും ലൈലയും സാമ്പത്തിഭിവൃദ്ധി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഷാഫിയെ സമീപിച്ചപ്പോള്‍ ബലി നല്കിയ രീതിയും സമയവും ശരിയായില്ല അതിനാലാണ് ഫലം ലഭിക്കാത്തതെന്നും ഷാഫി ഇരുവരെയും ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ രണ്ടാമത്തെ ഇരയായ പത്മയെ കണ്ടെത്തിയതും ബലി നല്കിയതും. ഇവരെ കൊലപ്പെടുത്തി പിറ്റേ ദിവസം തന്നെ മാംസം വാങ്ങാന്‍ ആള് വരുമെന്നാണ് ഇവരോട് പറഞ്ഞത്. പിന്നീട് ആള് വരില്ലെന്ന് പറഞ്ഞ് പറമ്പില്‍ കുഴിച്ച് ഇടുകയായിരുന്നു.
കൂടുതല്‍ സ്ത്രീകളെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ പ്രതികളില്‍ നിന്ന് വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്ന് പ്രത്യേക സംഘം വ്യക്തമാക്കിയിരുന്നു. ഇരകളെ കൊന്ന് മാംസം കഴിച്ചതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ലൈല ഒഴികെ രണ്ടുപേരും മനുഷ്യമാംസം കറിവെച്ച് കഴിച്ചു. പ്രഷര്‍ കുക്കറിലാണ് പാചകം ചെയ്തത്. അന്വേഷണ സംഘത്തോട് പ്രതികള്‍ ഇക്കാര്യം സമ്മതിക്കുകയായിരുന്നു.


