അനധികൃത നിര്‍മാണമെന്ന പേരില്‍ യു.പിയില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നത് സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രിംകോടതി. വിഷയത്തില്‍ വിശദീകരണം നല്കാന് ആവശ്യപ്പെട്ട് യു.പി സര്‍ക്കാറിന് കോടതി നോട്ടീസ് അയച്ചു. ചൊവ്വാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
അതേസമയം പൊളിക്കല്‍ നടപടികള്‍ നിയമാനുസൃതമാവണമെന്നും ഒരിക്കലും പ്രതികാര നടപടിയായി മാറരുതെന്നും കോടതി ഓര്‍മിപ്പിച്ചു. തങ്ങള്‍ക്ക് നിയമമനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാവൂ. അതുകൊണ്ട് പൊളിക്കല്‍ നടപടികള്‍ സ്റ്റേ ചെയ്യാനാവില്ലെന്ന് ജഡ്ജിമാര്‍ പറഞ്ഞു.
ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ആണ് പൊളിച്ചുനീക്കലിനെതിരെ കോടതിയെ സമീപിച്ചത്. എന്നാല്‍ നിയമാനുസൃതമായാണ് പൊളിക്കല്‍ നടപടിയെന്നും രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും യു.പി സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പൊളിക്കല്‍ നടപടി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചത്.
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകള്‍ യു.പി സര്‍ക്കാര്‍ അനധികൃതമെന്ന് ആരോപിച്ച് പൊളിച്ചു നീക്കിയതിനെതിരെയാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കോടതിയെ സമീപിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ജാവേദിന്റെ അടക്കമുള്ള വീടുകള്‍ പ്രയാഗ്രാജ് ഡെവലപ്മെന്റ് അതോറിറ്റി പൊളിച്ചു നീക്കിയിരുന്നു.