പോത്തന്‍കോട് കൊലപാതക കേസില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. സുധീഷിനെ തന്ത്രപരമായി കെണിയില്‍പ്പെടുത്തിയാണ് ക്രൂരമായി കൊല ചെയ്തതെന്ന വിലയിരുത്തലിലാണ് പൊലീസ്. കൊലനടന്ന സ്ഥലത്തു നിന്നും ഇതു സംബന്ധിച്ചുള്ള സൂചനകളാണ് ലഭിച്ചിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.
സുധീഷിനെ കൊലപ്പെടുത്താന്‍ അക്രമി സംഘം എത്തിയപ്പോള്‍ സുധീഷ് മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. അക്രമിസംഘം സ്ഥലത്തെത്തുന്നതിന് മുന്‍പ് സുധീഷിന് ആരോ മദ്യം നല്കി അവശനാക്കിയെന്നും അന്വേഷണ സംഘത്തിന് കരുതുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സുധീഷിന്റെ സുഹൃത്ത് ഷിബിന്‍ സുധീഷിനൊപ്പം മദ്യപിച്ചുവെന്ന് പൊലീസിന് മൊഴിനല്‍കിയിരുന്നു. സുധീഷിന് മദ്യം നല്‍കിയശേഷം സുധീഷിന്റെ ശത്രുവും ബന്ധുവുമായ ശ്യാമിന് ഒളിസങ്കേതത്തെക്കുറിച്ച് സൂചന നല്‍കുകയായിരുന്നുവെന്നാണ് ഷിബിന്‍ അന്വേഷണ ഉദ്യോഗസ്ഥരോടു വ്യക്തമാക്കിയത്.
എന്നാല്‍ ഷിബിന്‍ സുധീഷിന് മദ്യം നല്കി അബോധാവസ്ഥയിലാക്കിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്. അതിന്റെ ലക്ഷണങ്ങളാണ് സംഭവസ്ഥലത്തു നിന്നും പൊലീസിനു ലഭിച്ചിരിക്കുന്നതും. അക്രമി സംഘം മുറിയിലേക്ക് കടന്നെത്തുന്ന സമയത്ത് സുധീഷ് പ്രതിരോധിക്കാന്‍ കഴിയാത്ത വിധം അവശനായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബദ്യപിച്ച് അബോധാവസ്ഥയിലായതു കൊണ്ടാകാം സുധീഷിന് ആക്രമണത്തെ ചെറുക്കാന്‍ കഴിയാത്തതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
ചെമ്പകമംഗലം ലക്ഷംവീട് കോളനിയില്‍ സുധീഷ് (35) ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് കല്ലൂര്‍ പാണന്‍വിളയില്‍ സജീവിന്റെ വീടിനുള്ളിലാണ് കൊല്ലപ്പെട്ടത്. കൊലക്കേസില്‍ ഷിബിന്‍ എന്ന സുധീഷിന്റെ സുഹൃത്ത് അറസ്റ്റിലാകുന്നത് കഴിഞ്ഞ ദിവസമാണ്. പതിനാറാംമൈല്‍ വേങ്ങോട് ഒരു വീട്ടില്‍ ഒളിച്ചു കഴിയുകയായിരുന്ന ഷിബിനെ പൊലീസ് അറസ്റ്റു ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് ഷിബിന്‍ വഴിയാണ് കൊലയാളികള്‍ സുധീഷിലേക്ക് എത്തപ്പെട്ടതായി മനസ്സിലാക്കിയത്.
അക്രമിസംഘം വീട്ടില്‍ അതിക്രമിച്ചു കയറി സുധീഷിന്റെ കൈകളും കാലുകളും വെട്ടിമാറ്റുകയായിരുന്നു. കൊലയാളി സംഘത്തില്‍ പതിനൊന്ന് പേരാണ് ഉണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് നല്കുന്ന സൂചനകള്‍. കേസിലെ പ്രധാന പ്രതികളായ ഒട്ടകം രാജേഷ്, ഉണ്ണി, ശ്യാം എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടുന്നതോടെ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷ.


