കടുത്തുരുത്തി: ഗാര്‍ഹിക പീഡനപരാതിയില്‍ ജാമ്യമെടുക്കാനെത്തിയ പ്രവാസിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി സ്റ്റേഷനിലെ എസ്.ഐ കെ.എ. അനില്‍കുമാറിനെ വിജിലന്‍സ് സംഘം പിടികൂടി. മാതാപിതാക്കളില്‍ നിന്ന് 20,000 രൂപ വാങ്ങിയ ശേഷം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ദുബായില്‍ ജോലിചെയ്യുന്ന പാലക്കാട് സ്വദേശി വിനോയി വിജിലന്‍സിനെ സമീപിച്ചത്.
വിനോയിക്കും മാതാപിതാക്കള്‍ക്കുമെതിരെ കുറുപ്പന്തറ സ്വദേശിയായ ഭാര്യ നല്കിയ പരാതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് കോട്ടയം സെഷന്‍സ് കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം എടുക്കാനായി പാലക്കാട്ടുനിന്ന് കടുത്തുരുത്തിയിലെത്തിയ മാതാപിതാക്കളോട് അനില്‍കുമാര്‍ രണ്ടു തവണയായി 20,000 രൂപ കൈക്കൂലി വാങ്ങി. ജൂലായില്‍ നാട്ടിലെത്തിയ വിനോയി കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ 20,000 രൂപ കൂടി ആവശ്യപ്പെട്ടു. 5000 രൂപ ജാമ്യം എടുക്കാന്‍ വരുമ്ബോഴും ബാക്കി 15,000 പിറ്റേന്നും നല്‍കണമെന്നായിരുന്നു ആവശ്യം.
സ്റ്റേഷനിലെത്തിയ വിനോയിയോട് ജാമ്യം ലഭിക്കണമെങ്കില്‍ പണം തരണമെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇക്കാര്യം വിനോയി വിജിലന്‍സിനെ അറിയിക്കുകയായിരുന്നു. വിജിലന്‍സ് നല്കിയ 5000 രൂപ സ്റ്റേഷനു പുറത്തു കിടന്നിരുന്ന കാറില്‍ ഇരുന്ന വിനോയിയില്‍നിന്ന് വാങ്ങുന്നതിനിടെ വിജിലന്‍സ് ഡിവൈ.എസ്.പി വി.ജി. രവീന്ദ്രനാഥിൻ്റെ നേതൃത്വത്തില്‍ അനില്‍ കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാൾ മറ്റൊരു എസ്.ഐയോടും കൈക്കൂലി വാങ്ങിയാതായും പരാതി ഉണ്ട്. വാഹനാപകടത്തില്‍പെട്ട എസ്.ഐക്ക് അനുകൂലമായി എഫ്.ഐ.ആര് തയ്യാറാക്കാനായി അദ്ദേഹത്തിൻ്റ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിട്ടുണ്ട്. എട്ടു വര്‍ഷം മുന്‍പ് കടുത്തുരുത്തിയില്‍ ജോലി ചെയ്യവെ സി.ഐയുടെ ഒപ്പും എഫ്.ഐ.ആറും തിരുത്തിയതിന് വകുപ്പുതല നടപടി നേരിട്ടിരുന്നു. അന്ന് സ്ഥലം മാറ്റിയെങ്കിലും ഉന്നത സ്വാധീനത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ തിരികെയെതുകയായിരുന്നു.
ഇന്‍സ്പെക്ടര്‍മാരായ റെജി കുന്നിപ്പറമ്പന്, സജു എസ്. ദാസ്, പ്രശാന്ത്, വിനീഷ്, എസ്.ഐ മാരായ സ്റ്റാന്‍ലി തോമസ്, അനില്‍കുമാര്‍, ബിജു, തുളസീധരക്കുറുപ്പ്, ഉദ്യോഗസ്ഥരായ സൂരജ്, കുര്യാക്കോസ്, സാബു തുടങ്ങിയവരും വിജിലന്‍സ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.