കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഡ്രൈവര്‍. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടില്‍ ഓടുന്ന സംസം ബസിലെ ഡ്രൈവറാണ് വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചത്. ഇന്നലെ ആണ് സംഭവം. ബസിലെ യാത്രക്കാര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
7 കിലോമീറ്ററിന് ഇടയില്‍ ഡ്രൈവര്‍ ഫോണ്‍ ചെയ്തത് എട്ട് തവണയാണ്. ഈ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഫോണ്‍വിളിക്കുന്നത് കൂടാതെ വാട്ട്സ്ആപ്പില്‍ മെസേജ് അയയ്ക്കുകയും ചെയ്തു. ഒരു കൈയില്‍ മൊബൈല്‍ പിടിച്ച് അതേ കൈ കൊണ്ടുതന്നെ സ്റ്റിയറിങ് തിരിക്കുകയും ഗിയര്‍ മാറുന്നതും ദൃശ്യങ്ങളില്‍ കാണാം. മൊബൈല്‍ ഉപയോഗിച്ച് വണ്ടിയോടിക്കരുതെന്ന് തങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ചെവിക്കൊണ്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കും. ഡ്രൈവറോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ രാവിലെ 10.00 മണിക്ക് ഫറോക്ക് ജോയിന്റ് ആര്‍ടിഒ ഓഫീസില്‍ ഹാജരാകാനാണ് ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.