ഫോര്‍ട്ട് കൊച്ചി: നേവി ക്വാര്‍ട്ടേഴ്സിന് സമീപം മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ വിശദീകരണവുമായി നാവിക സേന. വെടിയുണ്ട തങ്ങളുടേതല്ലെന്നാണ് നാവിക സേനയുടെ വാദം.
അത് സൈന്യം ഉപയോഗിക്കുന്ന വെടിയുണ്ട അല്ല. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്തിയെന്നും സേന പറയുന്നു. നാവിക സേനയുടെ വെടിയുണ്ട കുറച്ചുകൂടി വലുതാണെന്നും ഇത് ചെറുതാണെന്നും സേന പറയുന്നു. ആശുപത്രിയിലെത്തി വെടിയുണ്ട പരിശോധിച്ച ശേഷമാണ് നാവിക സേനയുടെ വിശദീകരണം.
എന്നാല്‍ നാവിക സേനയുടെ പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റതാവാം എന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എ.സി.പി പ്രതികരിച്ചു. അതേസമയം, വിശദമായ അന്വേഷണം വേണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ആലപ്പുഴ അന്ധകാരം സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ചെവിക്ക് വെടിയേറ്റ ഇദ്ദേഹത്തെ ഫോര്‍ട്ട് കൊച്ചി ഗൗതം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണെന്ന് സെബാസ്റ്റ്യന്‍ പ്രതികരിച്ചു.