ആലത്തൂര്‍: വീട്ടമ്മയുടെ മുഖത്ത് മുളക് പൊടി വിതറി മോഷണം. ആറര പവന് സ്വർണ്ണം ആണ് കവർന്നത്. ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മയുടെ മുഖത്തേക്ക് മുളകുപൊടി വിതറിയാണ് മോഷണം നടത്തിയത് എന്നാണ് പരാതി. ചിറ്റിലഞ്ചേരി കോന്നല്ലൂര്‍ സ്വദേശി അനിതയുടെ ആഭരണമാണ് മോഷണം പോയത്. രണ്ട് മാല, കൈയിലെ ബ്രേസ്ലെറ്റ് എന്നീ ആഭരണങ്ങള്‍ നഷ്ടമായി എന്ന് അനിത ആലത്തൂര്‍ പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് വീടിൻ്റെ പിന്‍വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. പിടിവലിക്കിടയില്‍ ആളെ കണ്ടതായും തിരിച്ചറിയാനാവുമെന്നും അനിത പറഞ്ഞു. പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.


