കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെയും മാധ്യമ പ്രവര്‍ത്തകനെയും മര്‍ദിച്ച കേസില്‍ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കീഴടങ്ങി. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളിയതോടെയാണ് പ്രതികള്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അരുണ്‍ കുമാര്‍ അടക്കം നാല് പ്രതികളാണ് ഇന്ന് കീഴടങ്ങിയത്. ഏഴു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ആഗസ്റ്റ് 31 നാണ് മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരനെ ഡിവൈഎഫ്ഐക്കാര്‍ മര്‍ദിച്ചത്.
സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണമെന്നാവശ്യപ്പെട്ട് രാവിലെ എത്തിയ ദമ്പതികളെ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്.


