നടിയെ ആക്രമിച്ച കേസില്‍ പുതിയ അന്വേഷണ ഉദ്യാഗസ്ഥന് ആരാണെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. എഡിജിപി എസ് ശ്രീജിത്തിനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയോയെന്നും കോടതി ആരാഞ്ഞു. ഈ മാസം 19ന് മുമ്പായി ഡിജിപി ഇക്കാര്യത്തില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
എഡിജിപി എസ് ശ്രീജിത്തിന്റെ സ്ഥലംമാറ്റം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സംവിധായകന് ബൈജു കൊട്ടാരക്കര ഹര്‍ജി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് ശ്രീജിത്തിനെ നീക്കിയത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് ഹര്‍ജി. സ്ഥലംമാറ്റനടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സംവിധായകന് ബൈജു കൊട്ടാരക്കരയുടെ ഹര്‍ജിയില്‍ എതിര് കക്ഷികള്‍ക്ക് നോട്ടീസയച്ചിട്ടുണ്ട്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.
തന്റെ സ്ഥലം മാറ്റത്തെച്ചൊല്ലിയുളള വിവാദം അനാവശ്യമാണെന്ന് എ.ഡി.ജി.പി എസ്. ശ്രീജിത്ത് നേരത്തേ പ്രതികരിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം ശക്തമായി മുന്നോട്ടു പോകും. അന്വേഷണ സംഘം മാറിയിട്ടില്ല, ഒരാള്‍ മാറിയതു കൊണ്ട് ഒന്നും സംഭവിക്കില്ലെന്നും പ്രതികളും ഇക്കാര്യം മനസിലാക്കണമെന്നും എസ്. ശ്രീജിത്ത് ഗതാഗത കമ്മിഷണറായി ചുമതലയേറ്റ ശേഷം വ്യക്തമാക്കിയിരുന്നു. സര്‍വീസില്‍ ആദ്യമായാണ് ശ്രീജിത്തിനെ പൊലീസ് സേനയ്ക്കു പുറത്തു നിയമിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും അന്വേഷണ സംഘത്തിനു നേരെ പലതവണ ആരോപണങ്ങളുണ്ടായിട്ടുണ്ട്. അന്വേഷണം തുടര്‍ പ്രക്രിയയായതിനാല്‍ തന്റെ മാറ്റം അന്വേഷണത്തെ ബാധിക്കില്ല. തനിക്കെതിരെ പരാതി പറയാന്‍ പ്രതികള്‍ക്ക് അവകാശമുണ്ട്. പുതിയ ചുമതലയെ പോസിറ്റിവായി കാണുന്നതായും എസ്. ശ്രീജിത്ത് പറഞ്ഞിരുന്നു.


