ഇടുക്കി ആനച്ചാലില്‍ 6 വയസുകാരന്റെ കൊലപാതകത്തില്‍ പ്രതി ലക്ഷ്യം വച്ചത് കൂട്ടക്കൊലയെന്ന് പൊലീസ്. നാല് പേരെയും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തിലാണ് പ്രതി അക്രമം നടത്തിയത്. കൊലയ്ക്കുപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കൊലപ്പെടുത്തി വന്നാലെ ഭാര്യ സ്വീകരിക്കുവെന്ന് ആക്രോശിച്ചായിരുന്നു കൊലപാതകം. പ്രതിയെ ഇന്ന് കൊല നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
പുലര്‍ച്ചെ മൂന്നരയ്ക്ക് ഉറങ്ങി കിടക്കുന്നതിനിടെ ഷാനെന്നു വിളിപ്പേരുള്ള സുനില്‍ ഗോപി ചുറ്റിക കൊണ്ട് കുഞ്ഞിന്റെ തലയടിച്ചു പൊട്ടിച്ചു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ സഫിയയെയും ചുറ്റിക കൊണ്ട് അടിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ സഹോദരി ആഷ്നിയെയും മുത്തശ്ശി സൈനബയെയും നിഷ്കരുണം മര്‍ദിച്ചവശരാക്കി. സഫിയയുടെ സഹോദരി ഭര്‍ത്താവായ പ്രതിയുമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കമാണ് കൊലപാതക കാരണം. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ മുതുവാന്‍കുടി വനത്തില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം വീടിനു സമീപത്തു നിന്ന് പൊലീസ് കണ്ടെത്തി. ദുരന്തം നേരില്‍ കണ്ട ആഘാതത്തിലുള്ള പെണ്‍കുട്ടിയുടെ മൊഴിയാണ് കേസില്‍ സുപ്രധാനമാവുക. കൗണ്‍സിലിങിനും മറ്റും ശേഷമാവും പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുക.
കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധു മുഹമ്മദ് ഷാന്‍ സംഭവത്തില്‍ ഇന്നലെ പിടിയിലായിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മുതുവാന്‍കുടിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
കുടുംബവഴക്കിന്റെ പേരില്‍ ഭാര്യയുടെ അമ്മയെയും സഹോദരിയെയും മക്കളെയും ഇയാള്‍ ആക്രമിക്കുകയായിരുന്നു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ആറുവയസുകാരന് അല്‍താഫ് ആണ് ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അല്താഫിന്റെ മാതാവ് സഫിയ, മുത്തശ്ശി സൈനബ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.


