യുവ സംവിധായിക നയന സൂര്യന്റെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് മുഖ്യമന്ത്രിക്ക് കത്ത് നല്കി. നയന സൂര്യന്റെ മരണത്തില്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. കൂടാതെ നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് നല്‍കിയിരിക്കുന്ന പരാതി ഗൗരവമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും നയനയുടെ ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്വയം പീഡിപ്പിച്ചും ശ്വാസം മുട്ടിച്ചും ആനന്ദം കണ്ടെത്തുകയും അതിലൂടെ മരണം സംഭവിക്കുകയും ചെയ്യുന്ന അസ്ഫിക്സിയോഫീലിയ ആണ് നയന സൂര്യന്റെ മരണത്തിന് കാരണം എന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് നയന്‍ സൂര്യന്റെ സുഹൃത്തുക്കള്‍ ആലോചിച്ച് വരികെയാണ്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും നയനയുടെ മരണവുമായി ബന്ധപ്പെട്ട് വിചിത്രമായ ഫോറന്‍സിക് റിപ്പോര്‍ട്ട് കൂടി പുറത്ത് വന്ന സാഹചര്യത്തിലാണ് കുടുംബം പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. നയനയുടെ മരണത്തിന് കാരണം കഴുത്ത് ഞെരിഞ്ഞതാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. ഇതിനെ സാധൂകരിക്കുന്നതിനായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സ്വയം പീഡനരോഗാവസ്ഥ കെട്ടിച്ചമച്ചതാണോയെന്ന സംശയവും ഇപ്പോള്‍ ഉയര്‍ന്ന് വരുന്നുണ്ട്.
പ്രതിപക്ഷ നേതാവിന്റെ കത്തിന്റെ പൂര്‍ണ രൂപം:
2019 ഫെബ്രുവരി 24നാണ് യുവ സംവിധായിക നയന സൂര്യയെ തിരുവനന്തപുരം ആല്‍ത്തറയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.അസ്വാഭാവിക മരണത്തിന് മ്യൂസിയം പോലീസ് കേസെടുത്തെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല.
നയനയുടെ മരണം കൊലപാതകമാകാമെന്ന സംശയം ബലപ്പെടുത്തുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. അടിവയറ്റില്‍ ക്ഷതമേറ്റിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വയം പീഡിപ്പിച്ചും ശ്വാസം മുട്ടിച്ചും ആനന്ദം കണ്ടെത്തുകയും അതിലൂടെ മരണം സംഭവിക്കുകയും ചെയ്യുന്ന അസ്ഫിക്സിയോഫീലിയ യാണ് മരണകാരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
ബന്ധുക്കളും സുഹൃത്തുക്കളും നയനയുടെ മരണത്തില്‍ ദുരൂഹത ആരോപിക്കുകയും ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇക്കാര്യങ്ങളെല്ലാം പുറത്തു വരുന്നത്. ഈ സാഹചര്യത്തില്‍ നയന സൂര്യയുടെ മരണത്തില്‍ പുനരന്വേഷണത്തിന് ഉത്തരവുണ്ടാകണമെന്ന് താല്പര്യപ്പെടുന്നു.


