മുസ്ലിം സ്ത്രീകളെ വില്പനയ്ക്ക് വച്ച് ആപ്പിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. ബംഗളൂരു സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണ് മുംബൈ പൊലീസ് സൈബര്‍ സെല്ലിന്റെ പിടിയിലായത്. 21കാരനായ വിദ്യാര്‍ത്ഥിയുടെ മറ്റ് വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. മഹാരാഷ്ട്ര മന്ത്രി സത്രേജ് പാട്ടില്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഇക്കാര്യം പുറത്തുവിട്ടു. ‘ബുള്ളി ബായ്’ ആപ്പ് ബ്ലോക്ക് ചെയ്തതായി കേന്ദ ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രശസ്തരായ മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണമാണ് ‘ബുള്ളി ബായ്’ എന്ന ആപ്പ് നടത്തി വന്നത്. കഴിഞ്ഞ വര്‍ഷം ‘സുള്ളി ഡീല്‍സ്’ എന്ന പേരില്‍ ഇതുപോലെ ഒരു ആപ്പ് പുറത്തു വന്നിരുന്നു. ജെഎന്‍യുവില്‍ നിന്ന് കാണാതായ നജീബ് അഹ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിന്റെ അമരത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥിനേതാക്കളായ ലദീദ സഖലൂന്‍, ആയിഷ റെന്ന, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളെയാണ് ചിത്രങ്ങള്‍ സഹിതം ആപ്പില്‍ വില്പനയ്ക്കു വച്ചിരിക്കുന്നത്. സുള്ളി ഡീല്‍സിലും ഇവരുടെ ചിത്രങ്ങള്‍ പങ്കുവച്ച് വില്പനയ്ക്കു വച്ചിരുന്നു.
മാധ്യമപ്രവര്‍ത്തക ഇസ്മത്ത് ആരയുടെ പരാതിയില്‍ ഡല്‍ഹി പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തന്റെ പേരും ചിത്രവും സഹിതം ആപ്പില്‍ വില്പനയ്ക്ക് വച്ചിരുന്നതിന്റെ സ്ക്രീന്‍ഷോട്ട് അടക്കം ഇസ്മത്ത് ആര തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിരുന്നു.
ആപ്പില്‍ പേര് വന്ന മറ്റുചിലരും സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചു. ഇതേ തുടര്‍ന്നാണ് സംഭവം വിവാദമായത്.


