അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചന കേസിലെ എഫ്ഐആര്‍ ഹൈക്കോടതി പരിശോധിച്ചു. കേസില്‍ എഫ്ഐആര്‍ ചോദ്യം ചെയ്ത ദിലീപ്, ചിലരുടെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എഫ്ഐആറിലുള്ളതെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
വീട്ടിലിരുന്ന് കുടുംബാംഗങ്ങളോട് സംസാരിക്കുന്നത് എങ്ങനെ ഗൂഢാലോചനയാകുമെന്ന് ദിലീപ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കവെയാണ് ചോദ്യം. ഇവര്‍ അനുഭവിക്കും എന്ന് പറഞ്ഞതായി ദിലീപ് കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. ഇത് ശാപവാക്കുകളാണെന്നും അതെങ്ങനെ വധഗൂഢാലോചനയായി കണക്കാക്കുമെന്നും ദിലീപ് ചോദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും ദിലീപ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. തനിക്കെതിരായ മൊഴികള്‍ കോടതി വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് ആവശ്യപ്പെട്ടു. കേസെടുത്തത് അന്വേഷണ ഉദ്യാഗസ്ഥന്റെ കത്തിന്റെ അടിസ്ഥാനത്തിലാണെന്നും തനിക്കെതിരായ എഫ്.ഐ.ആര് ദുര്‍ബലമാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. ദിലീപിന്റെ വീട്ടിലെ സംഭാഷണം റെക്കോഡ് ചെയ്ത ടാബ് കേടായെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു, ഈ ലാപ്ടോപ്പ് എവിടെ പോയെന്നും ദിലീപ് ചോദിച്ചു. അതേസമയം തനിക്കെതിരായ ശബ്ദരേഖയുടെ ആധികാരികതയും ദിലീപ് ചോദ്യം ചെയ്തു.
വിഡിയോ പ്ലേ ചെയ്ത് ‘നിങ്ങള്‍ അനുഭവിക്കുമെന്ന് പറഞ്ഞത് ഗൂഢാലോചനയുടെ ഭാഗമല്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ചിലരുടെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എഫ്ഐആറിലുള്ളത്. തന്നെ ഒരുദ്യോഗസ്ഥനും ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഇല്ലാത്തതും എഫ്ഐആറില്‍ ചേര്‍ത്തിട്ടുണ്ട്. അനിയനും അളിയനും ഒപ്പം വീട്ടിലിരുന്ന് പറഞ്ഞതെങ്ങനെ ഗൂഡാലോചനയാകും?
ബാലചന്ദ്രകുമാറിന്റെ വിഡിയോ റെക്കോഡിങിലും പ്രതിഭാഗം സംശയമുന്നയിച്ചു. ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തെന്ന് പറയുന്ന ടാബ് എവിടെയെന്ന് ദിലീപിന്റെ അഭിഭാഷകന് ചോദിച്ചു. റെക്കോഡുകളെല്ലാം കെട്ടിച്ചമയച്ചതാണെന്നും പ്രതിഭാഗം ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ പുതിയ കേസ് കെട്ടിച്ചമച്ചതാണ്. പള്‍സര്‍ സുനിയില്‍ നിന്ന് ഒന്നും ലഭിക്കാത്തതിനാല്‍ ബാലചന്ദ്രകുമാറിന്റെ മൊഴി വളച്ചൊടിക്കുകയാണ് അന്വേഷണ സംഘമെന്നും ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയില്‍ വാദിച്ചു.


