തിരുവനന്തപുരം മ്യൂസിയത്തില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയത് കുറവന്‍കോണത്തെ അതിക്രമിച്ചു കയറിയ പ്രതിയെന്ന് സ്ഥിരീകരണം. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ ഡ്രൈവര്‍ സന്തോഷ് കുമാറാണ് കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമം നടത്തിയ കേസില്‍ ഇന്നലെ അറസ്റ്റിലായത്. അറസ്റ്റിലായപ്പോള്‍ തന്നെ ഇയാള്‍ തന്നെയാണ് വനിതാ ഡോക്ടര്‍ക്ക് നേരെയും അതിക്രമം നടത്തിയതെന്ന് സൂചനയുണ്ടായിരുന്നു. തുടര്‍ന്ന് പരാതിക്കാരി ഇയാളെ തിരിച്ചറിയുകയായിരുന്നു. കേസില്‍ സന്തോഷിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
കരാര്‍ അടിസ്ഥാനത്തിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുതല്‍ വാഹനവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പൊലീസ് നിഗമനം ഇങ്ങനെയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം ടെന്നീസ് ക്ലബിന് സമീപം വാഹനം നിര്‍ത്തിയിട്ട ശേഷം നടന്നു പോയാണ് അക്രമി കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമം കാട്ടിയത്. അതിന് ശേഷം വാഹനമെടുത്ത് മ്യൂസിയത്തില്‍ എത്തി. തുടര്‍ന്നാണ് വനിതാ ഡോക്ടര്‍ക്കു നേരെ ലൈഗിംകാതിക്രമം നടത്തിയത്. അവിടെ നിന്ന് വീണ്ടും നഗരത്തിലെ പല വഴികളിലൂടെ സഞ്ചരിച്ച് ഇയാള്‍ വാഹനവുമായി പോയത് ടെന്നീസ് ക്ലബിന് സമീപത്തേക്കാണ്. പിറ്റേന്ന് രാവിലെ ഇവിടെ നിന്ന് വാഹനം എടുത്തു കൊണ്ടു പോകുകയും ചെയ്തു.
പ്രതി സന്തോഷിനെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന് പ്രതികരിച്ചു. കേസില്‍ ഒരുതരത്തിലുള്ള ഇടപെടലുകളും ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. സന്തോഷ് വാട്ടര്‍ അതോറിറ്റിയുടെ കരാര്‍ ജീവനക്കാരനെന്ന് മന്ത്രി പറഞ്ഞു. തന്റെ ഓഫീസുമായി പ്രതിക്ക് ബന്ധമില്ല. ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയെന്നും പ്രതിയെ ഉടന്‍ പുറത്താകുമെന്നും മന്ത്രി പറഞ്ഞു.