സംസ്ഥാനത്ത് വീണ്ടും ദൃശ്യം മോഡല്‍ കൊലപാതകമെന്ന് സംശയം. ചങ്ങനാശ്ശേരിയിലെ ഒരു വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടുവെന്നാണ് സംശയിക്കുന്നത്. ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണമാണ് ദൃശ്യം മോഡല്‍ കൊലപാതകത്തിലേക്ക് എത്തി നില്‍ക്കുന്നത്.
ചങ്ങനാശ്ശേരി എസി റോഡില്‍ രണ്ടാം പാലത്തിന് സമീപമുള്ള ഒരു വീടിന്റെ തറ തുറന്ന് പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചു. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ആലപ്പുഴ സ്വദേശിയായ ബിന്ദുകുമര് എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണത്തിനൊടുവില്‍ ബിന്ദു കുമാറിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടില്‍ നിന്നും കണ്ടെത്തിയത് അന്വേഷണത്തില്‍ നിര്‍ണായകമായി. ബിന്ദുകുമാറിനെ അടുത്ത ബന്ധുവായ ചങ്ങനാശ്ശേരി സ്വദേശി കൊന്ന് കുഴിച്ചിട്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.


