കൊച്ചി: നടി അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പൊലീസ് കണ്ടെത്തിയതിന് പിന്നാലെ അൻസിബയ്ക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസുമായി നടി ലക്ഷ്മിപ്രിയ.
വ്യക്തമായ അജണ്ടയോടെ വിവാദം സൃഷ്ടിക്കാനാണ് അൻസിബ ശ്രമിക്കുന്നതെന്ന് ലക്ഷ്മിപ്രിയ ആരോപിച്ചു. താൻ പറയാത്ത കാര്യങ്ങൾ പറഞ്ഞെന്ന് വരുത്തി തന്റെ പ്രതിച്ഛായയെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന തരത്തിലാണ് അൻസിബയുടെ പ്രതികരണമെന്ന് അവർ കുറ്റപ്പെടുത്തി. ‘10 വയസുള്ള എന്റെ മകളെയും ഭർത്താവിനെയും മോശമായി അധിക്ഷേപിച്ചു. ഇത് അംഗീകരിക്കാനാകില്ല,’ ലക്ഷ്മിപ്രിയ വ്യക്തമാക്കി.
‘അമ്മ’ സംഘടന വെണ്ണല മഹാദേവ ക്ഷേത്രത്തിന്റെ ഫണ്ട് സ്വീകരിച്ചതാണ് അൻസിബയുടെ എതിർപ്പിന് കാരണമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ‘അമ്മ’ ഒരു ചാരിറ്റി ട്രസ്റ്റാണെന്നും ഏത് സ്ഥാപനത്തിൽ നിന്നുമുള്ള സംഭാവനയും സ്വീകരിക്കാമെന്നും അവർ ചൂണ്ടിക്കാട്ടി.
*പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്
ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്.ഐ രേഷ്മയ്ക്കുമെതിരെ അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. എസ്.ഐ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും ആവശ്യമായ വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും തൃക്കാക്കര എ.സി.പി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പരാതിയിൽ കേസെടുക്കാനാകില്ലെന്നും റിപ്പോർട്ടിലുണ്ട്.
വ്യാജപരാതിയുടെ മറവിൽ ലക്ഷ്മിപ്രിയയും എസ്.ഐയും ചേർന്ന് മാനസികമായി പീഡിപ്പിച്ചുവെന്നായിരുന്നു അൻസിബയുടെ പരാതി. അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം പ്രഖ്യാപിച്ചത്. തുടർന്ന് തൃക്കാക്കര എ.സി.പി അൻസിബ, ലക്ഷ്മിപ്രിയ, എസ്.ഐ രേഷ്മ എന്നിവരുടെ മൊഴിയെടുത്തു. പരാതിയിൽ ആരോപിച്ച കാര്യങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അതേസമയം, അൻസിബക്കെതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിയും ഗൗരവമുള്ളതല്ലെന്നാണ് പൊലീസ് നിലപാട്.


