കോട്ടയം: മുണ്ടക്കയത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ചു കൊന്നു. കുട്ടിക്കല്‍ ചപ്പാത്ത് കൊപ്ലിയില്‍ സ്വദേശി ഷെമീറിൻ്റെ മകള്‍ ഷംന(12) ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവ് ലൈജീനയാണ് മകളെ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മകളുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ ഇവർ ചാടുകയായിരുന്നു.
കിണറ്റില്‍ നിന്നുള്ള ലൈജീനയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് മകളെ കൊലപ്പെടുത്തിയ വിവരം അറിയുന്നത്. ഫയര്‍ഫോഴ്സും പോലീസും എത്തിയാണ് ലൈജീനയെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയെ മുണ്ടക്കയം എം.എം.ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷമാണ് ഇവർ കിണറ്റില്‍ ചാടിയത്. ഇവരുടെടെ ഭര്‍ത്താവ് ഷമീര്‍ വിദേശത്താണ്. ഇവര്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.


