പാലക്കാട്: ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോയ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് ധോണി സ്വദേശി മനു കൃഷ്ണനാണ് അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശിനിയായ ശ്രുതി പ്രസവത്തിന് പോയതായിരുന്നു. പ്രസവ ശേഷം മടങ്ങി വന്നപ്പോള്‍ ഇയാള്‍ വീട്ടില്‍ കയറ്റിയിരുന്നില്ല. കാരണം പോലും വ്യക്തമാക്കാതെയുള്ള ഭര്‍ത്താവിൻ്റെ നടപടിയെ തുടര്‍ന്ന് ശ്രുതിയും കുഞ്ഞും വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. എന്നിട്ടും ഇയാൾ അവരെ സ്വീകരിക്കാൻ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് ശ്രുതിക്ക് നല്ലൊരു വീട് വാടകയ്ക്ക് എടുത്ത് നല്‍കണമെന്നും അവിടെ നിന്ന് കേസ് നടത്തട്ടേയെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് മനു അനുസരിച്ചില്ല. മനു താമസിക്കുന്ന വീടിനടുത്താണ് ശ്രുതിയും കുട്ടിയും താമസിക്കുന്നത്. ഇയാളെ ഇന്നലെ മുതല്‍ കാണാതായതോടെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ നിന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.


