തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോക്സോ കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ അമ്മ.കടയ്ക്കാവൂര്‍ പൊലീസ് തന്നോട് മോശമായി പെരുമാറിയെന്നും, മൂന്നാമത്തെ കുട്ടിയെ പിതാവിന് വിട്ടുനല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന് എസ് ഐ പറഞ്ഞുവെന്നും ആരോപണ വിധേയ പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് മകനെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടുള്ളതാണെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം പുറത്തു കൊണ്ടുവന്നിട്ടില്ല എന്നും കുഞ്ഞിനെ തെറ്റുകാരനാക്കുകയാണെന്നും കേസിന് പിന്നില്‍ മൂന് ഭര്‍ത്താവും പങ്കാളിയും ഉള്‍പ്പെടെ ഒട്ടേറെ പേരുണ്ടെന്നും അവർ ആരോപിച്ചു. കൂടുതല്‍ കേസുകള്‍ ചുമത്തുമെന്ന് ഇപ്പോഴും അവര്‍ ഭീഷണിപ്പെടുത്തുകയാണെന്നും മകന് പരാതി കൊടുക്കാനുണ്ടായ സാഹചര്യം വിശദമായി അന്വേഷിക്കണമെന്നും യുവതി പറഞ്ഞു.
അതേസമയം കുട്ടിയുടെ മൊഴിയല്ലാതെ അമ്മയ്ക്കെതിരെ മറ്റൊരു തെളിവുമില്ലെന്നും, കേസ് അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി അന്വേഷണ സംഘം പോക്സോ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. സാക്ഷി മൊഴികളിലും മെഡിക്കല്‍ റിപ്പാേര്ട്ടിലും പീഡനം നടന്നതിന് തെളിവില്ല. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റകൃത്യം നടന്നെന്ന് പറയാനാകില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരം പോക്സോകോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.


