ബംഗളൂരു: കന്നട സിനിമ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് സ്റ്റണ്ട് താരം മരിച്ചു. തമിഴ്നാട് സ്വദേശി വിവേക് ആണ് (28) മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ രാമനഗരയിലെ ജൊഗനപാളയ ഗ്രാമത്തിലാണ് അപകടമുണ്ടായത്. കൂടെ ഉണ്ടായിരുന്ന മറ്റു 2 പേര്‍ക്കു പരുക്കേറ്റു.
‘ലവ് യു രച്ചു’ എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 11 കെ.വി വൈദ്യുതി ലൈനിന് സമീപത്തായി ക്രെയിനില്‍ നില്‍ക്കുന്നതിനിടെ വിവേകിന് അപ്രതീക്ഷിതമായി വൈദ്യുതാഘാതം ഏല്ക്കുകയായിരുവെന്ന് പൊലീസ് പറഞ്ഞു. വൈദ്യുതാഘാതമേറ്റ വിവേക് നിലത്തുവീഴുകയായിരുന്നു. ഉടന്‍തന്നെ ബംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
പരിക്കേറ്റ മറ്റ് രണ്ട് സ്റ്റണ്ട് താരങ്ങളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സിനിമയുടെ സംവിധായകന് ശങ്കര്‍, സംഘട്ടന സംവിധായകന് വിനോദ്, നിര്‍മാതാവ് ദേശ്പാണ്ഡെ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കന്നട താരങ്ങളായ അജയ് റാവുവും രചിത റാമും കേന്ദ്രകഥാപാത്രങ്ങളായുള്ള സിനിമയാണ് ‘ലവ് യു രച്ചു’. നേരത്തെ അനുമതി തേടാതെ സ്വകാര്യ റിസോര്‍ട്ടില്‍ ഷൂട്ടിങ് നടത്തിയതിനു ബിഡദി പൊലീസ് കേസെടുത്തു.


