കൊച്ചി: കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ പിടിയില്‍. മറൈന്‍ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇന്‍ഫോപാര്‍ക്കിലേക്ക് പോവുകയായിരുന്ന സിംല എന്ന ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ബസ് ഡ്രൈവര്‍ ദീപു കുമാറാണ് അറസ്റ്റിലായത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. അപകടമുണ്ടായതിന് തൊട്ടു പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.
കച്ചേരിപ്പടി മാധവ ഫാര്‍മസി ജംഗ്ഷനിലായിരുന്നു അപകടം. സിഗ്നലില്‍ നിന്ന് ബസ് അമിത വേഗതയില്‍ മുന്നോട്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് ബസ് ഇടത് വശം ചേര്‍ന്ന് പോവുകയായിരുന്ന ബൈക്കിലിടിച്ചു. വൈപ്പിന്‍ സ്വദേശി ആന്റണി (46) യാണ് അപകടത്തില്‍ മരിച്ചത്. തുടര്‍ന്ന് ആന്റണിയെ ഹോം ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് കോടതി കൊച്ചി ഡിസിപിയെ വിളിച്ചുവരുത്തി. ബസ് ഡ്രൈവറുടെ പിഴവാണ് അപകടത്തിനു കാരണമായതെന്ന് ഡിസിപി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.


