എം.കെ. രാഘവന് എം.പിക്കും ഡി.സി.സി. പ്രസിഡന്റ് പട്ടികയിലുള്ള കെ. പ്രവീണ്‍കുമാറിനുമെതിരെ കോഴിക്കോട് ഡി.സി.സി ഓഫിസിന് മുന്നില്‍ പോസ്റ്റര്‍. രാഘവന്റെ നീരാളി പിടിത്തത്തില്‍ നിന്ന് ജില്ലയിലെ കോണ്‍ഗ്രസിനെ രക്ഷിക്കണമെന്ന് പോസ്റ്ററില്‍ പറയുന്നു. അഴിമതി വീരനെയല്ല സത്യസന്ധനായ പ്രസിഡന്റിനെയാണ് വേണ്ടതെന്നും പോസ്റ്ററില്‍ ഉണ്ട്.
കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നശിപ്പിച്ച അഞ്ചാംഗ സംഘത്തിലെ പ്രമുഖനെ ഡി.സി.സി. പ്രസിഡന്റാക്കരുത്. അഴിമതി വീരനേയല്ല സത്യസന്ധനായ പ്രസിഡന്റിനെയാണ് വേണ്ടതെന്നും ആവശ്യം. നിലവില്‍ ഡി.സി.സി. പ്രസിഡന്റ് പട്ടികയിലുള്ള വ്യക്തിയാണ് കെ. പ്രവീണ്‍ കുമാര്‍. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് തര്‍ക്കമാണ് പോസ്റ്റര്‍ പ്രതിഷേധത്തിന് കാരണമെന്ന് സൂചന.
ഇന്നലെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും പോസ്റ്റര്‍ പ്രതിഷേധം നടന്നിരുന്നു. എറണാകുളം ഡി.സി.സി. ഓഫീസിന് മുന്നിലാണ് പോസ്റ്റര്‍ പ്രതിഷേധം. വി.ഡി. സതീശന് ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റര്‍. വി.ഡി. സതീശന് കോണ്‍ഗ്രസ്സിനെ നശിപ്പിക്കുന്ന അഭിനവ തുഗ്ലക്.
സതീശന്റെ കോണ്‍ഗ്രസ് വഞ്ചനയും കള്ളക്കളിയും തിരിച്ചറിയുക. മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററില്‍ മുന്നറിയിപ്പ് നല്കുന്നു. ഡി.സി.സി. അധ്യക്ഷ പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് വി.ഡി. സതീശനെതിരേയും പോസ്റ്റര്‍ പ്രതിഷേധം.
നേരത്തെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കെതിരേയും പോസ്റ്റര്‍ ഒട്ടിച്ചിരുന്നു. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനാണോയെന്നായിരുന്നു കോട്ടയത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍.


