ന്യൂഡല്‍ഹി: പുരാനി നംഗല്‍ ഗ്രാമത്തില്‍ ഒമ്പതു വയസുകാരിയായ ദലിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പോലീസിനെതിരേ ഗുരുതര ആരോപണങ്ങളുമായി കുടുംബം. പരാതി നല്‍കാനെത്തിയ തന്നെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും പോലീസ് തെളിവ് നശിപ്പിച്ചെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.
മകളുടെ മൃതദേഹം തങ്ങളുടെ അനുവാദമില്ലാതെ സംസ്കരിക്കുന്നത് തടയാന്‍ പോലീസ് തയാറായില്ല. ചിത വെള്ളമൊഴിച്ചുകെടുത്താനുള്ള നാട്ടുകാരുടെ ശ്രമവും പോലീസ് തടഞ്ഞു. കേസിലെ പ്രതികളെ പോലീസ് സഹായിച്ചെന്നും ഷോക്കേറ്റാണ് മകള്‍ മരിച്ചതെന്ന് പറയാന്‍ തങ്ങളെ നിര്‍ബന്ധിച്ചെന്നും കുടുംബം പറയുന്നു.
ഡല്‍ഹി കന്റോണ്‍മെന്റിനോടു ചേര്‍ന്ന പുരാന നംഗല്‍ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിനോട് ചേര്‍ന്നുള്ള ശ്മശാനത്തിലെ കൂളറില്‍ നിന്നു വെള്ളം എടുക്കാന്‍ പുറത്തേക്കു പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. ആറു മണിയായപ്പോള്‍ ശ്മശാനത്തിലെ പൂജാരി രാധേ ശ്യാം പെണ്‍കുട്ടിയുടെ അമ്മയുടെ അടുത്തെത്തി കുട്ടി കൂളറില്‍ നിന്നു ഷോക്കേറ്റ് മരിച്ചെന്ന് പറഞ്ഞു. എന്നാല്‍, പെണ്‍കുട്ടിയുടെ കൈത്തണ്ടയിലും മറ്റും മുറിവുകളും പാടുകളുമുണ്ടായിരുന്നു. ചുണ്ടുകള്‍ നീലിച്ചിരുന്നതായും കണ്ടെത്തി. പൂജാരി രാധേ ശ്യാമും കൂട്ടാളികളും പെണ്‍കുട്ടിയുടെ കുടുംബത്തോട് പോലീസില്‍ വിവരം അറിയിക്കരുതെന്നു ശഠിച്ചു. കേസ് കൊടുത്താല്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും കുട്ടിയുടെ അവയവങ്ങള്‍ മോഷ്ടിച്ചെടുക്കുമെന്നും ഇവര്‍ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.
പിന്നീട് പെണ്‍കുട്ടിയുടെ അമ്മയുടെ അനുവാദമില്ലാതെ മൃതദേഹം ദഹിപ്പിച്ചു. അതോടെ സ്ത്രീ ബഹളംവച്ചു ഭര്‍ത്താവിനെ വിളിച്ചു വരുത്തിയെങ്കിലും പൂജാരിയും കൂട്ടാളികളും ചേര്‍ന്ന് ഇയാളെ മര്‍ദിക്കുകയും ചെയ്തു. അതോടെ നാട്ടുകാര്‍ തടിച്ചു കൂടി പോലീസിനെ അറിയിക്കുകയായിരുന്നു. അതോടെ പൂജാരിയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയുന്നത്. ശ്മശാനത്തിലെ പൂജാരി രാധേ ശ്യാം, സഹായികളായ ലക്ഷ്മി നാരായണ്‍, കുല്‍ദീപ്, പ്രദേശവാസി സലിം എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാവ് ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റവും തെളിവ് നശിപ്പിക്കലും പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്.


