തിരുവനന്തപുരം: സിനിമാ ഷൂട്ടിംഗ് വിവാദം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമകള്‍ അവിടെ ചിത്രീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികളോടും സിനിമാക്കാരോടും സര്‍ക്കാരിന് എതിര്‍പ്പില്ല. എല്ലാ മേഖലകളിലും പ്രതിസന്ധിയാണെന്നും ജനങ്ങളുടെ ജീവൻ്റെ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാനമെന്നും സജി ചെറിയാന് വ്യക്തമാക്കി.
കേരളത്തില്‍ ഷൂട്ടിംഗ് അനുവദിക്കണമെന്ന് ഫെഫ്ക ഇന്നലെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ടി പി ആര് കുറഞ്ഞ ശേഷം ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കാമെന്നാണ് മന്ത്രി പറയുന്നത്. ഇളവുകള്‍ അനുവദിക്കേണ്ടത് താനല്ല. അത് സര്‍ക്കാരിന്റെ തീരുമാനമാണെന്നും സജി ചെറിയാന് പറഞ്ഞു.
കേരളത്തില്‍ ചിത്രീകരണം അനുവദിക്കാത്ത സാഹചര്യത്തില്‍ സിനിമ ഷൂട്ടിംഗുകള്‍ തെലങ്കാനയിലേക്കും, തമിഴ്നാട്ടിലേക്കും മാറ്റിയിരിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമുള്‍പ്പടെയാണ് ഷൂട്ടിംഗ് മാറ്റിയത്. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഷൂട്ടിംഗിന് അനുമതി നല്‍കണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും സര്‍ക്കാര്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും.


