ജയ്പൂര്‍: രാജസ്ഥാന് തലസ്ഥാനമായ ജയ്പൂരിന് സമീപം സെല്‍ഫി എടുക്കുന്നതിനിടെ പതിനൊന്നുപേര്‍ മിന്നലേറ്റ് മരിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ആമേര്‍ കൊട്ടാരത്തിന് മുന്നില്‍ വാച്ച്ടവറില് നിന്ന് സെല്ഫിയെടുക്കുന്നതിനിന് ഇടയായിരുന്നു ദുരന്തമുണ്ടായത്.
കനത്ത മഴയത്ത് നിരവധി പേരാണ് സെല്‍ഫിയെടുക്കാനായി വാച്ച് ടവറില്‍ കയറിയത്. മിന്നലുണ്ടായ ഉടനെ വാച്ച്ടവറില് നിന്ന് താഴേക്ക് ചാടിയ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. താഴേക്ക് ചാടിയ ചിലരെ ഇതുവരെ കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ശക്തമായ മഴയാണ് പലയിടത്തും ഉണ്ടായിരുന്നത്. മഴയോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതു വകവയ്ക്കാതെയാണ് ആളുകള്‍ സെല്‍ഫിയെടുക്കാനായി വാച്ച് ടവറില്‍ കയറിയത്. സംസ്ഥാനത്തെ മറ്റിടങ്ങളിലും ഇടിമിന്നലില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്നുസംസ്ഥാനങ്ങളിലായി ആകെ 68 പേര് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.


